Tuesday, January 6, 2009

കാഴ്ചയിലെ മിഥ്യാബോധം

പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറില്‍ എത്തുന്ന കാര്യങ്ങളെ അതുവരെ അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളിലെ അനുയോജ്യമായവയുമായി താരതമ്യം ചെയ്യുന്നതുവഴിയാണല്ലോ നമ്മുടെ അനുഭവങ്ങളും അതിനനുസരിച്ചുള്ള തീരുമാനങ്ങളും ഉണ്ടാവുന്നതു്. നമ്മള്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ ഓരോ കാര്യങ്ങളും അതുവഴി നമുക്കു് ലഭിക്കുന്നതു് രസമോ വേദനയോ, സംതൃപ്തിയോ അസന്തുഷ്ടതയോ, വിജയമോ പരാജയമോ എന്നതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറില്‍ വിലയിരുത്തപ്പെടുകയും തലച്ചോറിന്റെ തന്നെ ഭാഗമായ ഓര്‍മ്മയുടെ കേന്ദ്രത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അനുഭവങ്ങള്‍ പെരുകുന്തോറും ഈ ശേഖരവും വളര്‍ന്നുകൊണ്ടിരിക്കും - സങ്കല്‍പാതീതവും ഭീമവുമായ അളവില്‍! അതുപോലെതന്നെ, തലച്ചോറിനു് അതിന്റേതായ ഓട്ടോമറ്റിസവും ഉണ്ടു്. പരിചയമില്ലാത്ത ഒരു മുറിയിലോ ഒരു വീട്ടിലോ ചെല്ലുമ്പോഴോ, അല്ലെങ്കില്‍ അന്യരെ പരിചയപ്പെടേണ്ടിവരുമ്പോഴോ ഒക്കെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ഉതകുന്ന ചില “സവിശേഷതകള്‍” ഓട്ടോമാറ്റിക്‌ ആയി തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ഒരു സുഹൃത്തിനെയോ, ബന്ധുവിനേയോ കാണുമ്പോള്‍ “ഒറ്റനോട്ടത്തില്‍” അവരെ തിരിച്ചറിയാന്‍ നമുക്കു് കഴിയുന്നതും അതുകൊണ്ടാണു്. വീണ്ടും കാണുന്ന ഓരോ പരിചിതരേയും ഓരോ പ്രാവശ്യവും ആപാദചൂഡം കൂലങ്കഷമായി പരിശോധിച്ചാലേ തിരിച്ചറിയാന്‍ കഴിയൂ എന്നുവന്നാല്‍ ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ!

മനുഷ്യജീവിതം ഈവിധം ലഘൂകരണത്തിലൂടെ സാദ്ധ്യമാക്കുന്ന തലച്ചോറിന്റെ ഈ കുറുക്കുവഴി മിക്കവാറും എല്ലായ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറുമുണ്ടു്. പക്ഷേ, പല സന്ദര്‍ഭങ്ങളിലും തലച്ചോറില്‍ എത്തുന്ന ഇന്ദ്രിയാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. ലോകത്തെ “തിരിച്ചറിയാന്‍” ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതു് കണ്ണുകള്‍ ആണെന്നതിനാല്‍, ദര്‍ശനം വഴി തലച്ചോറില്‍ എത്തുന്ന വിവരങ്ങളുടെ വിലയിരുത്തലിലാണു് അധികപങ്കു് പിശകുകളും സംഭവിക്കുന്നതു്. ഈ പ്രശ്നത്തെ പൊതുവേ “ഒപ്ടിക്കല്‍ ഇല്യൂഷന്‍” എന്നു് വിളിക്കാറുണ്ടെങ്കിലും, സത്യത്തില്‍ പിശകു് പറ്റുന്നതു് നേത്രങ്ങള്‍ക്കല്ല, അവയെ വ്യാഖ്യാനിക്കുന്ന തലച്ചോറിനാണു്.

ചില രസകരമായ ഉദാഹരണങ്ങള്‍:

1. തിരകളോ? വക്രതയോ?


ഈ ചിത്രത്തില്‍ വെളുത്തതുംകറുത്തതുമായ ചതുരങ്ങള്‍ക്കു് രൂപം നല്‍കുന്ന നെടുകെയും കുറുകെയുമുള്ള രേഖകള്‍ എല്ലാം കൃത്യമായി നേരെയാണു്. എങ്കിലും അവ കാണുന്ന നമ്മളില്‍ അവ വക്രാകൃതിയിലാണെന്ന തോന്നല്‍ ഉണ്ടാവുന്നു.

2. വിചിത്രമായ കറക്കം


മുന്നോട്ടും പിറകോട്ടും തല ചലിപ്പിച്ചുകൊണ്ടു് ഈ ചിത്രത്തെ നോക്കിയാല്‍ ഈ രണ്ടു് വൃത്തങ്ങളും കറങ്ങാന്‍ തുടങ്ങുന്നതുപോലെ തോന്നും.

3. ചാരനിറങ്ങളിലെ മിഥ്യാബോധം

അങ്ങനെ തോന്നുന്നില്ലെങ്കിലും: A, B എന്നു് അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു് ചതുരങ്ങളുടെയും നിറം ഒന്നുതന്നെയാണു്. അവ രണ്ടു് വ്യത്യസ്ത നിറങ്ങളായി നമുക്കു് തോന്നുന്നതിനു് കാരണം, നമ്മുടെ തലച്ചോറു് നിറങ്ങളെ നിഴലും വെളിച്ചവും അടിസ്ഥാനമാക്കിയാണു് '“വ്യാഖ്യാനിക്കുന്നതു്” എന്നതിനാലാണു്.

4. ചെറിയ സ്ത്രീകള്‍, വലിയ സ്ത്രീകള്‍!ചിത്രത്തിലെ മുന്‍വശത്തെ സ്ത്രീകള്‍ പിന്‍വശത്തെ സ്ത്രീകളെ അപേക്ഷിച്ചു് വളരെ ചെറുതായി തോന്നുന്നു. പക്ഷേ ആ മൂന്നു് ജോഡികളുടെയും വലിപ്പം (അളവുകള്‍) തുല്യമാണു്. സ്തംഭങ്ങളുടെ ഇടയിലൂടെ പോകുന്നതുവഴി നമ്മുടെ തലച്ചോറില്‍ “ആഴം” എന്ന തോന്നല്‍ ഉളവാക്കപ്പെടുന്നതാണു് കാരണം.

5. ചതുരക്കട്ടയെന്ന മിഥ്യാബോധം


ഈ ചിത്രത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ “കാണാന്‍” നമുക്കു് കഴിയും. കറുത്ത വൃത്തങ്ങളിലൂടെയുള്ള വെളുത്ത രേഖകള്‍ ഒരു ചതുരക്കട്ടയുടെ തോന്നല്‍ നമ്മില്‍ ജനിപ്പിക്കുന്നു.

6. “സൗന്ദര്യം നശ്വരമാണു്”


കണ്ണാടിയില്‍ നോക്കുന്ന ഒരു സ്ത്രീയെയോ, അല്ലെങ്കില്‍ ഒരു തലയോട്ടിയോ ഈ ചിത്രത്തില്‍ വീക്ഷിക്കാന്‍ കഴിയും. (C. Allan Gilbert-ന്റെ 'All Is Vanity' എന്ന ഡ്രോയിംഗ്‌)

7. ഗോളവലിപ്പമിഥ്യാബോധം
വലിപ്പബോധവും ആപേക്ഷികമാണു്. ചിത്രത്തിലെ രണ്ടു് നീലഗോളങ്ങളും വ്യത്യസ്ത വലിപ്പമുള്ളവയായി തോന്നുന്നെങ്കിലും അവയുടെ അളവുകള്‍ തുല്യമാണു്.

ഇങ്ങനെയൊക്കെയാണു് നമ്മുടെ “അനുഭവങ്ങളുടെ” യഥാര്‍ത്ഥ സ്ഥിതി! ദര്‍ശനങ്ങളെപ്പറ്റിയും, വെളിപാടുകളെപ്പറ്റിയും, അത്ഭുതങ്ങളെപ്പറ്റിയുമൊക്കെയുള്ള സംഭ്രമജനകമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവയോടൊപ്പം ഈ വസ്തുത കൂടി കൂട്ടിച്ചേര്‍ത്തു് ചിന്തിച്ചാല്‍ ഏറെ അബദ്ധങ്ങള്‍ ഒഴിവാക്കാം. കാണുന്ന കാര്യങ്ങളുടെ‍ തന്നെ സത്യസ്ഥിതി നിസ്സംശയം അറിയാന്‍ കഴിയാത്ത മനുഷ്യന്‍ കാണാത്തവയെപ്പറ്റി പൂര്‍ണ്ണമായ അറിവു് അവകാശപ്പെടുന്നതു് രസകരം എന്നേ പറയാനുള്ളു. വെളിപാടുകളില്‍‍ അധിഷ്ഠിതമായ മതങ്ങളില്‍‍ ഇത്തരം അത്ഭുതങ്ങള്‍ക്കു് യാതൊരു പഞ്ഞവുമില്ല. ചില മനുഷ്യര്‍ അവര്‍ക്കു് ദൈവം വെളിപ്പെട്ടു എന്നും, ഇങ്ങനെയോ അങ്ങനെയോ ഉള്ള ഏതാനും കല്‍പനകള്‍ നല്‍കിയെന്നും, അവ അക്ഷരം പ്രതി അനുസരിക്കാന്‍ മനുഷ്യര്‍ ബാദ്ധ്യസ്ഥരാണെന്നും, തങ്ങളെ അതിനു് ചുമതലപ്പെടുത്തിയെന്നും ഒക്കെ പറയുന്നതു് സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ ഒന്നുകില്‍ 'optical illusion' പോലുള്ള മസ്തിഷ്കഭൂതങ്ങള്‍, അല്ലെങ്കില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍, ഭയപ്പെടുത്താന്‍, ഭരിക്കാന്‍, ചൂഷണം ചെയ്യാന്‍, ബാഹ്യശക്തികള്‍ക്കെതിരായി ഒറ്റക്കെട്ടായി അവരെ അണിനിരത്തുവാന്‍ ഒക്കെയായി മനഃപൂര്‍വ്വം കെട്ടിച്ചമച്ച ഭാവനാസൃഷ്ടികള്‍ മാത്രം! പക്ഷേ, ഇത്തരം വെളിപാടുകള്‍ ഉണ്ടായവര്‍ ശക്തരും, സമൂഹത്തില്‍ സ്വാധീനം ഉള്ളവരും ആണെങ്കില്‍ ഭയപ്പെടുത്തിയും, ആയുധശേഷി ഉപയോഗിച്ചു് ഈ മണ്ടത്തരങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കിയും അവരുടെ “ദര്‍ശനങ്ങള്‍” ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവില്ല. കാലങ്ങള്‍ കഴിയുന്തോറും ഇത്തരം മസ്തിഷ്കഭൂതങ്ങള്‍ക്കു് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവികതയും വിശുദ്ധിയും ലഭിക്കും. ഈ “സനാതനസത്യം” ഇല്ലാതെ ജീവിതം അസാദ്ധ്യമാണെന്ന തോന്നല്‍ വരെ അതിനുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കുണ്ടാവും.

വളര്‍ത്തല്‍ വഴിയും, സമുദായത്തിലെ നിത്യാനുഭവങ്ങള്‍ വഴിയും മനുഷ്യരില്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതും ഓര്‍മ്മയില്‍ ശേഖരിക്കുന്നതും തലച്ചോറിലെ ആദ്യം സൂചിപ്പിച്ച ഓട്ടോമാറ്റിസം തന്നെ! ഒരിക്കല്‍ ശേഖരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ആവശ്യമില്ലാത്തവിധം തലച്ചോറു് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. മനുഷ്യരുടെ തലച്ചോറിലേയും ശരീരത്തിലേയും അധികപങ്കു് ചുമതലകളും പ്രവൃത്തികളും അടിസ്ഥാനപരമായി നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ഇല്ലാതെയാണു് സംഭവിക്കുന്നതു്. സൈക്കിള്‍ ഓടിക്കാനും കാര്‍ ഡ്രൈവ് ചെയ്യാനുമെല്ലാം പഠിക്കുന്നതിനു് ആരംഭത്തില്‍ നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം തീര്‍ച്ചയായും ആവശ്യമാണു്. പക്ഷേ, ഒരിക്കല്‍ ശീലിച്ചുകഴിഞ്ഞാല്‍ പിന്നെ ഈ പ്രവര്‍ത്തികളുടെ നിയന്ത്രണം തലച്ചോറു് സ്വയമേവ ഏറ്റെടുക്കുന്നു. അതിനുശേഷം അവയില്‍ ബോധപൂര്‍വ്വം “ഇടപെടേണ്ട” ആവശ്യമില്ലെന്നു് മാത്രമല്ല, അങ്ങനെ ചെയ്യുന്നതു് പലപ്പോഴും ആ പ്രവര്‍ത്തികളുടെ സുഗമതയെ തടസപ്പെടുത്തി എന്നും വരാം.

കടപ്പാടു്: MSN, GNU, Public Domain (മുന്‍‌പു് കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക.)
ചാരനിറങ്ങളിലെ മിഥ്യാബോധം എന്ന ചിത്രത്തിലെ A, B എന്നീ ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്തതു് താഴെ. ആ ചിത്രത്തിലെ നിഴലാണു് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നതു്.

28 comments:

...പകല്‍കിനാവന്‍...daYdreamEr... January 6, 2009 at 12:31 PM  

Good Post...

- സാഗര്‍ : Sagar - January 6, 2009 at 12:39 PM  

കണ്ടാ കണ്ടാ ......
ഞങ്ങള്‌ അന്നേ പറഞ്ഞില്ലേ എല്ലാം മായ ആണെന്ന്..

മൂര്‍ത്തി January 6, 2009 at 12:54 PM  

നന്ദി.

എന്നാലും എന്ത് പോസ്റ്റിട്ടാലും അവസാനം അത്ഭുതപ്രതിഭാസങ്ങളെ കളിയാക്കുന്നത് നിര്‍ത്തിയില്ലേല്‍ വെവരമറിയും ബാബുജീ. ശപിച്ചു ഭസ്മ്‌ ആക്കിക്കളയും.

ഓഫ്
(അതോ ഇതാണോ ഓണ്‍? ആ...ആര്‍ക്കറിയാം?)

ഒരു ചെറിയ കഷണം പേപ്പര്‍ ചുരുട്ടി ഉണ്ടയാക്കി ഇടത് കൈപ്പത്തിയില്‍ വെക്കുക. വലത് കൈയിലെ ചൂണ്ടു വിരലും മൂന്നാമത്തെ വിരലും ക്രിസ് ക്രോസ് ആക്കി വെക്കുക.(ഒരു തരം X ഷെയ്പ്പ്) ഈ രണ്ടു വിരലും ആ പേപ്പര്‍ ഉണ്ടയില്‍ സ്പര്‍ശിക്കത്തക്ക വിധം വെച്ച് പേപ്പര്‍ ഉണ്ടയെ ഉരുട്ടുക. എത്ര ഉണ്ട ഉണ്ടെന്ന് തോന്നുന്നു?

ഗുപ്തന്‍ January 6, 2009 at 1:22 PM  

മുകളീപറഞ്ഞതെല്ലാം നിങ്ങള്‍ക്ക് ഭൂതബാധ ഉണ്ടെന്നുള്ളതിന്റെ തെളിവല്ലേ :))

സി. കെ. ബാബു January 6, 2009 at 1:30 PM  

പകല്‍ക്കിനാവന്‍, സാഗര്‍,
:)

മൂര്‍ത്തി,
വിരലുകള്‍ രണ്ടും ഉളുക്കിയതല്ലാതെ ഒറ്റ ഊണും “ഉണ്ടതായി” തോന്നിയില്ല! ഉളുക്കിനു് ചവിട്ടി ഉഴിച്ചില്‍ നടത്തുന്ന ഏതെങ്കിലും വൈദ്യന്മാരുടെ കമ്മീഷന്‍ കിട്ടുന്നുണ്ടാവും അല്ലേ? :)

ഗുപ്തന്‍,
ഇതു് ഭൂതത്തിനെ പ്രേതം പിടിച്ചൂന്നു് പറഞ്ഞപോലെ ആയല്ലോ! :)

മൂര്‍ത്തി January 6, 2009 at 2:02 PM  

ചൂണ്ടു വിരലിന്റെ മുകളിലൂടെ മൂന്നാം വിരല്‍ എടുത്ത് ഇപ്പുറത്തിടുക. രണ്ടു വിരലിന്റെ അറ്റങ്ങളും അടുത്തടുത്ത് ഇരിക്കട്ടെ. ഇനി ചെയ്ത് നോക്കുക...

മംഗളാനി ഭവന്തു!!

സി. കെ. ബാബു January 6, 2009 at 2:35 PM  

മൂര്‍ത്തി,

സ്പര്‍ശനം വഴി സ്പര്‍ശിക്കപ്പെട്ടതു് സ്വന്തശരീരമോ ‍ അന്യവസ്തുവോ എന്നു് തിരിച്ചറിയുന്നതു് രണ്ടു് സിഗ്നത്സോ അതോ ഒന്നുമാത്രമോ തലച്ചോറില്‍ എത്തുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുപോലെ രണ്ടു് വിരല്‍ത്തുമ്പില്‍നിന്നും സിഗ്നത്സ് മാറിമാറി തലയിലെത്തുന്നതുകോണ്ടാവാം രണ്ടു് ഉണ്ട ഉണ്ടെന്നു് തോന്നിയപോലെ തോന്നി. :)

ചിത്രകാരന്‍chithrakaran January 6, 2009 at 4:09 PM  

പ്രിയ ബാബു,
വിജ്ഞാനപ്രദമായ പോസ്റ്റ്.
ഓര്‍മ്മയെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍
വ്യക്തിഗതമായി അനുഭവിക്കുന്ന വിഷമതകളിലേക്കുകൂടി കടന്നുവരുന്നു.

“വീണ്ടും കാണുന്ന ഓരോ പരിചിതരേയും ഓരോ പ്രാവശ്യവും ആപാദചൂഡം കൂലങ്കഷമായി പരിശോധിച്ചാലേ തിരിച്ചറിയാന്‍ കഴിയൂ എന്നുവന്നാല്‍ ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ!“
ഈ പ്രശ്നം ചിത്രകാരന്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.
ഒന്നും വായിച്ചാല്‍ മനസ്സില്‍ നില്‍ക്കില്ല.അതുകൊണ്ട് പൊതുവെ വായിക്കാറില്ല. സിനിമ കണ്ടാല്‍ കഥ ഓര്‍ക്കില്ല. കണുംബോള്‍ ചിരിച്ചതും കരഞ്ഞതും മാത്രം മിച്ചം!ഒരാളെ കണ്ടാല്‍ പലപ്പോഴും തിരിച്ചറിയാനോ പേരോര്‍ക്കാനോ കഴിയുന്നില്ല ! യാത്രചെയ്യുംബോള്‍ വഴിയോര്‍ക്കില്ല. വ്യക്തിഗതമായ അച്ചടക്ക രാഹിത്യവും,അശ്രദ്ധയും, പകല്‍ക്കിനാവുകളുടെ ആധിക്യവുമാണെന്നാണ് ഇതുവരെയുള്ള തോന്നല്‍. എന്നാല്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു.

കുട്ടിക്കാലത്ത് പദ്യങ്ങള്‍ കാണാപ്പാടം പഠിക്കാന്‍ കഴിയാഞ്ഞ് തല്ലുകൊണ്ടിട്ടുണ്ട്.
പഠിക്കാനുള്ള കഴിവിനെതിരെ ബോധം ഇടപെടുംബോഴാണ് പ്രശ്നമെന്നുതോന്നുന്നു.
50 ഉം 100 തവണയൊക്കെ ആവര്‍ത്തിച്ച്
ബോധം അറിയാതെ കാണാപ്പാടം ആകുന്നത്
മാത്രമേ തല്ലുകൊള്ളലില്‍ നിന്നും രക്ഷിച്ചിട്ടുള്ളു.

ചിത്രകാരനു ചികിത്സവേണ്ടിവരുമോ ഇഷ്ട !
qw_er_ty

അനില്‍@ബ്ലോഗ് January 6, 2009 at 5:11 PM  

പ്രിയ സി.കെ.ബാബു,
ചിരപരിചിതങ്ങളായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തപ്പോഴെ തോന്നി എന്തെങ്കിലും കാണും എന്ന് :)

അവസാ‍ന പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലായി, സാഗര്‍ പറഞ്ഞപോലെ എല്ലാം മായയാണെന്ന്‍.

പണ്ട് അടിമകള്‍ യജമാനന്മാരെ അനുസരിച്ചിരുന്നത് എന്തുകൊണ്ടായിരിക്കും?

ഓഫ്ഫ്:
ചിത്രകാരന്‍ ഈ കമന്റ് ഉടന്‍ സൂരജിനു മെയില്‍ ചെയ്യണം.

സി. കെ. ബാബു January 6, 2009 at 5:37 PM  

ചിത്രകാരന്‍,
ഈ ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ എല്ലാ മനുഷ്യരെയും ബാധിക്കുന്നവയാണു്. ഇന്ദ്രിയങ്ങള്‍ വഴി മനുഷ്യനു് ലഭിക്കുന്ന അറിവുകളില്‍ പൊതുവേ സംഭവിക്കാവുന്ന തെറ്റിദ്ധാരണകള്‍. നമ്മുടെ തലച്ചോറു് അവിടെയെത്തുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്ന രീതിയില്‍ അന്തര്‍ലീനമായ ഒരു പ്രശ്നമാണതു്. ഇങ്ങനെയൊരു സംഗതി ഉണ്ടു് എന്നറിയുന്നതു് വസ്തുതകളെ ഒരിക്കല്‍ കൂടി സൂക്ഷിച്ചു്‍ നോക്കിക്കാണാന്‍ നമ്മെ സഹായിക്കും. പക്ഷേ പൂര്‍ണ്ണമായി അതില്‍ നിന്നും നമുക്കു് മോചനം നേടാന്‍ ആവുകയുമില്ല. മനുഷ്യനല്ലാതാവാന്‍ ആര്‍ക്കും കഴിയില്ലല്ലോ!

ചിത്രകാരന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തിഗതമാണു്. അവയും മിക്കവാറും എല്ലാ മനുഷ്യരിലും കൂടിയോ കുറഞ്ഞോ കാണാവുന്നവയുമാണു്. ഡ്രൈവിംഗ് പഠിക്കുന്നതു് ഉദാഹരണത്തിനു് പൊതുവേ കലാകാരന്മാര്‍ക്കു് അത്ര എളുപ്പമാവാറില്ല. അധികവും ഭാവനാലോകത്തില്‍ ജീവിക്കുന്ന അവര്‍ ബാഹ്യലോകത്തെ അത്ര ശ്രദ്ധിക്കാത്തതാവാം കാരണം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ട്രെയിനിംഗ് ഒരു നല്ല മാര്‍ഗ്ഗമാണു്. മസിലുകള്‍ മാത്രമല്ല തലച്ചോറും ട്രെയിന്‍ ചെയ്തില്ലെങ്കില്‍ മുരടിച്ചുപോകും. പരിഷ്കൃതരാജ്യങ്ങളില്‍ ഈ ദിശയില്‍ നടത്തിയ പഠനങ്ങള്‍ വളരെ പ്രായം ചെന്ന ആളുകളില്‍ പോലും‍ പോസിറ്റീവ് ആയ ഫലം നല്‍കിയതായി വായിച്ചിട്ടുണ്ടു്.“വിശ്രമിക്കുന്നവന്‍ തുരുമ്പെടുക്കും” എന്നല്ലേ? സ്വയം “ചികിത്സിച്ചിട്ടു്” പോരേ മറ്റു് ചികിത്സകള്‍ തേടാന്‍?

തല്ലിയും, ഭയപ്പെടുത്തിയും, കാണാതെ പഠിക്കാന്‍ നിര്‍ബന്ധിച്ചും ഇന്നും എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിക്കപ്പെടുന്നുണ്ടു്. കുഞ്ഞുങ്ങള്‍ക്കു് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുകയാണു് ആവശ്യം. കാണാതെ പഠിപ്പിക്കുകയല്ല. ചില ശ്ലോകങ്ങള്‍ കാണാതെ പഠിച്ചവരാണു് നന്മതിന്മകള്‍ക്കപ്പുറത്തെന്ന മട്ടില്‍ വണ്ടു് മൂളുന്നപോലെ ആ ശ്ലോകങ്ങളും മൂളിക്കൊണ്ടു് ഭിക്ഷാംദേഹികളായി തെക്കുവടക്കു് നടക്കുന്നതു്. വേണ്ടവിധത്തില്‍ വിദ്യാഭ്യാസം നല്‍കി മനഃശാസ്ത്രപരമായി കുഞ്ഞുങ്ങളെ വീട്ടിലും സ്കൂളിലും വളര്‍ത്തിയാലേ അവര്‍ തന്റേടവും ഉത്തരവാദിത്വബോധവുമുള്ള ഉത്തമപൌരന്മാരായി തീരുകയുള്ളു. കേരളത്തിലെ‍ വിദ്യാഭ്യാസരീതി ഒരു സമൂലപരിഷ്കരണത്തിനു് വിധേയമാക്കേണ്ട കാലം പണ്ടേ അതിക്രമിച്ചു - വിദ്യാഭ്യാസരീതി മാത്രമല്ല, മറ്റു് പല രീതികളും!

അനില്‍@ബ്ലോഗ്,
ചിത്രകാരനുള്ള മറുപടി വായിക്കുമല്ലോ. പ്രത്യേകിച്ചും ആദ്യത്തെ പാരഗ്രാഫ്.

ഭൂമിപുത്രി January 6, 2009 at 6:14 PM  

സ്വന്തം കണ്ണിനെയല്ലാതെ പിന്നെ ബാബൂനെയാ വിശ്വസിയ്ക്ക്യാ?
ആ ചതുരങ്ങളുടെ നിറം ഒന്നാണെന്ന് പള്ളീൽ‌പ്പറഞ്ഞാൽമതി.

ജിവി/JiVi January 6, 2009 at 6:35 PM  

നല്ല പോസ്റ്റിനു ന്നന്ദി.

മൂര്‍ത്തി എഴുതിയപോലത്തെ ഒരു അഭ്യാസം എന്റെ കൈയ്യിലുമുണ്ട്. ഒന്നുകൂടി പ്രാക്റ്റീസ് ചെയ്ത് നാളെ എഴുതാം.

സി. കെ. ബാബു January 6, 2009 at 7:07 PM  

ഭൂമിപുത്രി,

ബാക്കി ആറും വിശ്വസിക്കാമെങ്കില്‍ ഏഴാമത്തേതു് കമ്മീഷന്‍ ആയി വിശ്വസിക്കാവുന്നതല്ലേയുള്ളു? ഇല്ലെങ്കില്‍ വേണ്ട! ആറെങ്കില്‍ ആറു്! പക്ഷേ അതും നേരുതന്നെ! തെളിയിച്ചുതരാന്‍ തത്കാലം വഴിയൊന്നുമില്ല എന്നുമാത്രം.

ഇതു് മാത്രമല്ല, ഇമ്മാതിരി വേറെ എത്രയോ ഉണ്ടു്.

നന്ദി, ജിവി.

ഭൂമിപുത്രി January 6, 2009 at 7:29 PM  

എന്റെ കയ്യിൽ ഇതുപോലെ രസമുള്ള ഒരു സൂത്രപ്പടമുണ്ട്,നാളെയാകട്ടെ ബ്ലോഗിലിടാം.ഇന്നുറക്കം വരുന്നു

suraj::സൂരജ് January 6, 2009 at 7:32 PM  

അപ്പഴേ പറഞ്ഞതാ, 'സനാതനസത്യം' ഡെയ്ലി നാപ്പത്തഞ്ച് മില്ലീല്‍ കൂടുതലാവല്ലെന്ന്. ചുമ്മാതാണോ, ഇങ്ങനോരൊ ബാധയിളക്കങ്ങള് വരുന്നേ ?

മൂര്‍ത്തിമാഷേ, ഇതല്ലേ "ഉണ്ടച്ചുരുട്ട്" ?:))

മൂര്‍ത്തി January 6, 2009 at 7:39 PM  

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായ ഇണ്ടലിനെക്കുറിച്ച് കവി പാടിയത് ഈ അഭ്യാസം ചെയ്ത് കഴിഞ്ഞാണ്. :)

ഭൂംസ് [:)] പറഞ്ഞതു പോലെ എന്റെ ഒരു സുഹൃത്തും ഈ ബ്ലോഗിലെ ആ എ, ബി. കട്ടകള്‍ കണ്ടപ്പോള്‍ പറഞ്ഞു. അവസാനം ആ രണ്ടു സ്ക്വയറും വെട്ടി വേറേ വേറെ വിന്‍ഡോവില്‍ ഇട്ടു കാണിക്കേണ്ടി വന്നു.

സൂരജേ അവന്‍ താനല്ലിയോ ഇവന്‍ എന്നു വര്‍ണ്ണ്യത്തിലാശങ്ക..

സി. കെ. ബാബു January 6, 2009 at 8:53 PM  

ഭൂമിപുത്രി,
ഇന്നൊറക്കം നാളെപ്പടം! :)

സൂരജ്,
വെളിപാടൊണ്ടാവും എന്നു് കരുതി ചോദിച്ചു് മേടിച്ചു് കുടിച്ചതാണേ. പക്ഷേങ്കി ചീറ്റിപ്പോയി. വെളിപാടൊട്ടു് ഉണ്ടായതുമില്ല, ബാധ ഇളകുകയും ചെയ്തു!

മൂര്‍ത്തി,
അതുതന്നയല്ലേ അദ്വൈതമായ നിന്നെയിഹ ദ്വൈതമായി ദര്‍ശിച്ചതിലുണ്ടായൊരു ദണ്ഡമതു് ചൊല്ലാവതാമോ? എന്നു് മഹാകവി കാക‍നാദം കാകളിത്രികോണത്തില്‍ പാടിയതും?

ഭൂമിപുത്രിയുടെ മോണിട്ടര്‍ കീറിമുറിപ്പിക്കാനുള്ള പരിപാടിയാണല്ലേ ആ “സ്ക്വയര്‍ വെട്ടല്‍”? :)

johndaughter January 7, 2009 at 4:01 AM  

Really good post..

"A, B എന്നു് അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു് ചതുരങ്ങളുടെയും നിറം ഒന്നുതന്നെയാണു്"... no.. A is in black box and B in white box right?

പാമരന്‍ January 7, 2009 at 5:19 AM  

മാഷെ, സത്യമായിട്ടും ഞാന്‍ ആ കള്ളികള്‍ ഒരേ നിറമാണെന്നത്‌ വിശ്വസിച്ചില്ല. എംഎസ്‌ പെയിന്‍റില്‍ രണ്ടു നിറവും വേറെ വേറെ കോപ്പി എടുത്ത്‌ നോക്കിയപ്പോള്‍ ശെരിക്കും കണ്ണു തള്ളിപ്പോയി. ഇതു പോത്തുംകാലപ്പന്‍റെ സേവയോ മറ്റോ ആണോ?

സി. കെ. ബാബു January 7, 2009 at 9:31 AM  

johndaughter,

ഇതില്‍ “ഹോക്കുസ് പോക്കുസ്“ ഒന്നുമില്ല. (അതാണോ ഉദ്ദേശിച്ചതു്?) A, B എന്നിവ മാത്രം മുറിച്ചെടുത്തതു് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. വിശുദ്ധ തോമസിന്റെ പിന്‍‌ഗാമിയല്ലേ? കണ്ടാലല്ലേ വിശ്വസിക്കൂ! :)

പാമരന്‍,

ആ ചിത്രത്തില്‍ നിഴല്‍ ഉള്ളിടത്തോളം അതില്‍ നോക്കി വ്യത്യാസം തിരിച്ചറിയല്‍ എളുപ്പമല്ല.

വിശദീകരിക്കാന്‍ കഴിയാത്തതു് ദൈവങ്ങളെയോ പോത്തുംകാലപ്പന്മാരെയോ ഏല്പിച്ചാല്‍ നമുക്കു് സ്വൈര്യമുണ്ടു്. അതാണല്ലോ മതങ്ങളുടെ തുറുപ്പുചീട്ടും! അന്വേഷിക്കണ്ട, തലപുകയ്ക്കണ്ട. സ്വസ്ഥം, സമാധാനം, പരമസുഖം! :)

ബിനോയ് January 7, 2009 at 11:44 AM  

ഇങ്ങനെ പോയാല്‍ ഞാനും ബുദ്ധിമാനാകും. ബാബുമാഷെ വിശ്വാസമില്ലാഞ്ഞ് (സംശയരോഗം സംശയരോഗം ) A B കട്ടകളുടെ പ്രശ്നം പേപ്പറില്‍ കിഴുത്തയുണ്ടാക്കി സ്ക്രീനില്‍ വെച്ചു ബോധ്യപ്പെട്ടു. മറ്റു സംശയരോഗികള്‍ക്കും ഇതു പരീക്ഷിക്കാവുന്നതാണ്. മൂര്‍ത്തിക്ക് കോഴിത്തലയില്‍ ഒരു പണികൊടുക്കണമെന്നു കരുതി ഇറങ്ങിയപ്പോഴാണ് രണ്ടാമത്തെ കമന്‍റ് കണ്ടത്. പരീക്ഷിച്ചു ബോധ്യപ്പെട്ടു. ഭേഷ്.

സി. കെ. ബാബു January 7, 2009 at 2:14 PM  

നന്ദി, ബിനോയ്.

ഭൂമിപുത്രി January 7, 2009 at 3:35 PM  

ഇതെങ്ങിനെയാ മുറിച്ചു നോക്ക്വാന്ന് തന്നെ അറിയില്ല.പോട്ടെ..വിട്ടു.
(മൂർത്തി ശാപ്പാടൊക്കെക്കഴിഞ്ഞ് വന്ന് വിശാലമായൊരു ഏമ്പക്കം വിട്ടതാണെന്നല്ലെ ഞാനാദ്യം വിചാരിച്ചെ ,->)
ദാ ബാബുനൊരു പോസ്റ്റ്

സി. കെ. ബാബു January 7, 2009 at 4:29 PM  

ഭൂമിപുത്രി,
ഇനി മുറിക്കണ്ട. ഞാന്‍ ദാണ്ടെ മോളില്‍ മുറിച്ചു് വച്ചിട്ടുണ്ടു്. പിന്നെ ഐന്‍‌സ്റ്റൈനും മണ്‍‌റോയ്ക്കും നന്ദി.

യാരിദ്‌|~|Yarid January 7, 2009 at 5:38 PM  

ബാബു മാഷ് പറഞ്ഞതു വിശ്വാസമില്ലാതെ ആ മൂന്നാമത്തെ ചിത്രം മുറിച്ചു നോക്കി തന്നെ പരീക്ഷിച്ചു. ലപ്പൊ പിടികിട്ടി. ലതു സത്യം തന്നെ ..!

ചുമ്മാതല്ല ആൾക്കാരു പറയുന്നതു കണ്ണുണ്ടായാൽ പോരാ കാണണം എന്നു..:)

സി. കെ. ബാബു January 7, 2009 at 6:24 PM  

യാരിദ്,
ഈ കെയ്സില്‍ കണ്ണുകളെ കുറ്റം പറയാനാവില്ല. കണ്ണുകളില്‍ നിന്നെത്തുന്ന സിഗ്നല്‍ തിരിച്ചറിയാന്‍ തലച്ചോറു് ഉപയോഗിക്കുന്ന “അച്ചു്” ആണു് പ്രശ്നം.

“എന്നെ ആരും മനസ്സിലാക്കുന്നില്ല” എന്നു് ഏതോ ഒരു പഴയ സില്‍മയില്‍ കേട്ടതുപോലെ “ഞാന്‍ പറയുന്നതു് ആരും വിശ്വസിക്കുന്നില്ല” എന്നു് ദീര്‍ഘനിശ്വാസം!

ഭൂമിപുത്രി January 7, 2009 at 6:25 PM  

ആഹ!ഇങ്ങിനെ മുറിച്ചാൽ മതീല്ലേ?
താങ്ക്സ് ബാബൂ.
എന്നാലിനി കോപ്പിയും ക്രോപ്പുമൊക്കെ തനിയെ ചെയ്തുനോക്കീട്ട് ബാക്കി കാര്യം.
(സംശയക്കാരൻ തോമാച്ചന്റെ ഫീമേൽ ജൻഡറെന്താണാവോ!അതോ സംശയരോഗം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണൊ?)

lakshmy January 9, 2009 at 1:43 AM  

എന്റമ്മോ!! ഞാനും ക്രോപ്പി. വിചിത്രം, വിചിത്രം!!!!!!!!!!!!!

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP