Thursday, December 18, 2008

**കന്യാചര്‍മ്മപരിശോധന**

തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി 'കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌' വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!1. കന്യാചര്‍മ്മപരിശോധനക്കായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്നു.2. ഇതാണു് ഞങ്ങളുടെ നാട്ടുനടപ്പു്. എന്തിനു് എതിര്‍ക്കണം എന്നറിയില്ല. ഗോത്രത്തിന്റെ ചിട്ടകളെ എതിര്‍ക്കാന്‍ ഞങ്ങളാരു്?3. കന്യാചര്‍മ്മ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഒരു തെളിവാണു് നെറ്റിയിലെ വെളുത്ത അടയാളം.
4. 'കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌'! കേരളത്തിലെ മണവാളന്റെ ബിരുദവും മണവാട്ടിയുടെ കുടുംബം നല്‍കേണ്ട സ്ത്രീധനവുമായി ഈ ഏര്‍പ്പാടിനു് സാമാന്യത്തിലധികമായ സാമ്യമുണ്ടു്. ഈ രണ്ടു് ഏര്‍പ്പാടുകളിലും ആണിനെയും പെണ്ണിനെയും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കണം എന്നേയുള്ളു. രണ്ടു് ബിരുദങ്ങളുടെയും ഫാക്കള്‍ട്ടികള്‍ തമ്മില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടാവാമെങ്കിലും അതത്ര കാര്യമാക്കേണ്ട കാര്യമല്ല. ഏതു് ഫാക്കള്‍ട്ടികളിലൊക്കെയാണു് തങ്ങള്‍ ബിരുദമെടുത്തിരിക്കുന്നതെന്നും, അവയുടെ ഒക്കെ അര്‍ത്ഥമെന്തെന്നും ഇക്കാലത്തു് മഹാപുരോഹിതന്മാര്‍ക്കുപോലും അറിയില്ല. പിന്നെയാണു് കേരളത്തിലെ സാദാ ബിരുദധാരികളും ആഫ്രിക്കയിലെ അക്ഷരാഭ്യാസമില്ലാത്ത മണവാട്ടികളും! കേരളമെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാന റിപ്പബ്ലിക്കോ?

പശുക്കളുടെ എണ്ണം ഒപ്പിക്കുവാന്‍ പുരുഷന്മാര്‍ പട്ടണങ്ങളില്‍ എന്തെങ്കിലുമൊക്കെ ജോലിക്കു് പോകുന്നു. അവരില്‍ നല്ലൊരു പങ്കു് - എട്ടുപത്തു് പശുക്കളെ കൊടുത്താല്‍ ഭാവിയില്‍ കിട്ടുന്നതു് എന്താണെന്നു് മുന്‍കൂട്ടി അറിയാനാവാം - പലപ്പോഴും താരതമ്യേന പശുക്കളേക്കാള്‍ വിലക്കുറവുള്ള വേശ്യകളെ സമീപിക്കുന്നു. 'വില തുച്ഛം, മണം മെച്ചം!' ഒരു തോട്ടി വാങ്ങിയാല്‍ ഒരാന സൗജന്യം എന്നപോലെ 'പത്തുരൂപ' മുടക്കി ഏതിനെ എടുത്താലും, സൗജന്യമായി ലഭിക്കുന്ന AIDS-മായി അവന്‍ സ്വന്തം ഗ്രാമത്തിലെത്തി പെണ്ണുകെട്ടുമ്പോള്‍ പശുക്കളെ മാത്രമല്ല, എയ്ഡ്സും അവള്‍ക്കു് നല്‍കുന്നു. അവര്‍ രണ്ടുപേരും ഇഹലോകത്തോടു് വിടപറയുന്നതു് എന്നാണെന്നറിയാന്‍ പിന്നെ ദിവസങ്ങള്‍ എണ്ണിയാല്‍ മതി. ലൈംഗികരോഗങ്ങളെപ്പറ്റി സംസാരിക്കുന്നതു് അതുപോലുള്ള മനുഷ്യരുടെ ഇടയില്‍ റ്റബൂ ആയതിനാല്‍ ഈ പ്രശ്നത്തിന്റെ പരിഹാരവും അത്ര എളുപ്പമായ കാര്യമല്ല.

“പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ്‌ കൊടുത്തിട്ടുണ്ട്‌.” ആ നിയമം അനുസരിച്ച്‌ ജീവിക്കുമ്പോള്‍ ചിലര്‍ AIDS പിടിച്ചു് ചാവുന്നു. ചിലരെ മനുഷ്യര്‍ ചുമ്മാ തല്ലിക്കൊല്ലുന്നു. ചിലര്‍ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ നോക്കുന്നു. അവരെ സംരക്ഷിക്കാന്‍ മറ്റുചിലര്‍ “വിധി വിധിയോ വിധി വിധി” എന്നു് വിളിച്ചുകൂവിക്കൊണ്ടു് കൊടിയോ, വടിയോ, കാവടിയോ, കൊട്ടുവടിയോ അല്ലെങ്കില്‍ കയ്യില്‍ കിട്ടുന്നതും, എടുത്താല്‍ പൊങ്ങുന്നതുമായ മറ്റേതെങ്കിലും വീട്ടുപകരണങ്ങളോ വലിച്ചുചുമന്നു് വട്ടത്തിലും നീളത്തിലും ച‍തുരത്തിലും നെട്ടോട്ടം ഓടുന്നു. എല്ലാം പരമേശ്വരന്‍ കര്‍ത്താവിന്റെ ഒരോരോ നിയമങ്ങള്‍!!

23 comments:

ശ്രീവല്ലഭന്‍. December 18, 2008 at 8:43 PM  

ആണുങ്ങള്‍ക്കും ഇങ്ങനെ വല്ല സര്‍ട്ടിഫിക്കറ്റും ഉണ്ടോ?
:-)

ദീപക് രാജ്|Deepak Raj December 19, 2008 at 1:05 AM  

ഇതു ഇന്ത്യയില്‍ നിര്‍ബ്ബന്ധം ആയിരുന്നെങ്കില്‍ കല്യാണം നടക്കാത്ത കുട്ടികളുടെ നീണ്ട നിര ഇതുപോലെ കാണാമായിരുന്നു..

കാന്താരിക്കുട്ടി December 19, 2008 at 3:43 AM  

ശ്രീ വല്ലഭൻ മാഷ് ചോദിച്ചതു തന്നെ ഞാനും ചോദിക്കട്ടേ ? അതും ആവശ്യമല്ലേ ?

Inji Pennu December 19, 2008 at 4:47 AM  

ഈ ചിത്രങ്ങളുടെ/വിവരങ്ങളുടെ ലിങ്ക് ഉണ്ടോ?

krish | കൃഷ് December 19, 2008 at 6:04 AM  

Ithu kollaam.

Rare Rose December 19, 2008 at 6:20 AM  

ശരിക്കും വിചിത്രം ഈ ജീവിതരീതികള്‍...

തോമാച്ചന്‍™||thomachan™ December 19, 2008 at 8:39 AM  

ഇങ്ങനെ ഒരു checking ആണിനും പെണ്ണിനും ഉണ്ടെങ്കില്‍ കൊള്ളാം. ഇത് ഒരു മാതിരി പെണ്ണിനെ മാത്രം... അത് മോശം അല്ലെ..ഇതെന്താ അവിടെ വനിതാ കമ്മിഷന്‍, സ്ത്രീ വിമോചക സങ്ങടനകള്‍ മുതലായ items ഒന്നും ഇല്ലേ??

സി. കെ. ബാബു December 19, 2008 at 11:43 AM  

ശ്രീവല്ലഭന്‍,
സമൂഹം matriarchal ആയിരുന്നെങ്കില്‍ സ്ത്രീകള്‍ പുരുഷന്മാരോടു് ചില സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുമായിരുന്നു എന്നാണെന്റെ വിശ്വാസം. അവയുടെ സ്വഭാവത്തെപ്പറ്റിയും എനിക്കു് ചില ധാരണകള്‍ ഇല്ലാതില്ല. :)

ദീപക് രാജ്,
കല്യാണം കച്ചവടം ആവാതിരുന്നെങ്കില്‍ അവിവാഹിതരുടെ എണ്ണവും കുറയുമായിരുന്നില്ലേ?

കാന്താരിക്കുട്ടി,
എന്റെ അഭിപ്രായത്തില്‍ വിവാഹം രണ്ടു് മനുഷ്യരുടെ വ്യക്തിപരമായ കാര്യമാണു്. രണ്ടുപേരുടെയും “കെമിസ്ട്രി” പൊരുത്തപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിനു്‌ വലിയ സ്ഥാനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. സമൂഹവും മനുഷ്യരും സാംസ്കാരികമായി “പ്രായപൂര്‍ത്തി” എത്തിയാല്‍ രണ്ടു് വ്യക്തികള്‍ക്കു് ഒരു കുടുംബജീവിതം നയിക്കുവാന്‍ വിവാഹം ഒരു അനിവാര്യതയല്ലെന്നാണു് എന്റെ വിശ്വാസം.

Inji Pennu,
ഈ വിവരങ്ങള്‍ ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നു് ചോര്‍ത്തിയതല്ല.

krish,
നന്ദി.

Rare Rose,
“വിചിത്രം” ആപേക്ഷികമായതിനാല്‍ ഇവര്‍ നമ്മുടെ പല രീതികളും വിചിത്രമായി കണ്ടുകൂടെന്നില്ല. കാലപ്പഴക്കവും ആവര്‍ത്തനവും കൊണ്ടു് പല സാമൂഹിക ആചാരങ്ങളും ആദ്യം ശീലമാവും, പിന്നെ “നോര്‍മല്‍” ആവും.

തോമാച്ചന്‍,
മനുഷ്യാവകാശക്കമ്മീഷന്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടു്‌. ആഴത്തില്‍ പതിഞ്ഞുപോയ ആചാരങ്ങള്‍ മാറ്റിയെടുക്കുക എളുപ്പമല്ലല്ലോ. ലോക്കല്‍ സംഘടനകളും ഇല്ലാഞ്ഞിട്ടല്ല. പക്ഷേ അവയില്‍ പ്രവര്‍ത്തിക്കുന്നവരും അത്തരം സാമൂഹിക ദുരാചാരങ്ങളില്‍ നിന്നും, “സ്പര്‍ശിക്കാന്‍ പാടില്ലാത്ത” ചില കീഴ്വഴക്കങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തരല്ല. എയ്ഡ്സ് പ്രതിരോധപ്രവര്‍ത്തനം തന്നെ ഇഴഞ്ഞുനീങ്ങുന്നതു് അവിടത്തെ മനുഷ്യരുടെ അജ്ഞത മൂലമാണു്. പശുക്കളുടെ ആന്തരീകാവയവങ്ങള്‍ ഉണക്കി മാലയാക്കി കഴുത്തില്‍ തൂക്കി നൃത്തം ചെയ്തു്‌ മണ്മറഞ്ഞ പിതൃക്കളോടു് “സംസാരിക്കുന്ന” മനുഷ്യര്‍ ജീവിക്കുന്നതു്‌ ഏതു് നൂറ്റാണ്ടിലാണെന്നു്‌ ചിന്തിച്ചുനോക്കൂ. അതുപോലുള്ളവരെ എളുപ്പം കാര്യങ്ങള്‍ പറഞ്ഞു് മനസ്സിലാക്കുന്നതെങ്ങനെ?

സ്ത്രീപുരുഷസമത്വം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവര്‍ വിദ്യാസമ്പന്നര്‍ എന്നു് വീമ്പിളക്കാറുള്ളവരുടെ സമൂഹങ്ങളില്‍ പോലും ഉണ്ടെന്നിരിക്കെ, എത്രയോ പിന്നാക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ സമൂഹങ്ങളിലെ കാര്യങ്ങള്‍ പറയണോ? ആഫ്രിക്കയില്‍ ഇസ്ലാം മതത്തിന്റെ സ്വാധീനം കൂടുതല്‍ ആണെന്നതിനാല്‍ പുരുഷമേധാവിത്വത്തിനും, സ്ത്രീകളെ രണ്ടാം ക്ലാസ് മനുഷ്യരായി മുദ്രകുത്തുന്നതിനും അവിടങ്ങളില്‍ religious legitimation പോലും ലഭിക്കുന്നു.

സ്വാതന്ത്ര്യം കൊടുത്താലേ സ്ത്രീകള്‍ക്കു് വളരാന്‍ കഴിയൂ. വളര്‍ന്നാലേ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാന്‍ അവര്‍ക്കു്‌ കഴിയൂ. അതായതു്, “പൈശാചികവൃത്തം” എന്നു് വിളിക്കാവുന്ന ഒരുതരം അവസ്ഥ! പുരുഷന്റെ അജ്ഞതയും ആത്മവിശ്വാസം ഇല്ലായ്മയുമാണു് സ്ത്രീകളുടെ അടിമത്തത്തിനു്‌ കാരണം. “അവള്‍ എന്റെ തലയില്‍ കയറുമോ” എന്ന ഭയം!

ലൈംഗികജീവിതത്തിലെ പുരുഷന്റെയും സ്ത്രീയുടെയും “active-passive” റോളുകള്‍ പലപ്പോഴും വ്യക്തിജീവിതത്തിലും സങ്കല്പിക്കപ്പെടുന്നു. പൊതുവേ patriarchal വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കു്‌ കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരിക മാത്രമല്ല, പുരുഷന്റെ നഷ്ടങ്ങളുടെ ഉത്തരവാദിത്വം പോലും പലപ്പോഴും ഏറ്റെടുക്കേണ്ടിവരുന്നു. മദ്ധ്യകാലങ്ങളില്‍ എത്രയോ ആത്മീയപിതാക്കള്‍ സ്ത്രീകളില്‍ പിശാചിന്റെ കെണി കണ്ടെത്തിയിരുന്നതും, അവരെ സകല പാപങ്ങളുടെയും ഉത്തരവാദികളായ യക്ഷികളാക്കി വിലയിരുത്തി ചിതയില്‍ ദഹിപ്പിച്ചിരുന്നതുംപോലെ! കുറ്റം എപ്പോഴും മറ്റുള്ളവരില്‍ തേടുന്നതാണല്ലോ മനുഷ്യസ്വഭാവം! സംസ്കാരസമ്പന്നര്‍ എന്നു് നമ്മള്‍ വിശേഷിപ്പിക്കുന്ന യൂറോപ്പില്‍ സ്ത്രീകള്‍ക്കു്‌ വോട്ടവകാശം ലഭിച്ചിട്ടു്‌ ഒരു നൂറ്റാണ്ടിലേറെ ആയിട്ടില്ല എന്നുകൂടി ചിന്തിക്കുമ്പോള്‍ ആഫ്രിക്കയെ മനസ്സിലാക്കാന്‍ കുറച്ചുകൂടി എളുപ്പമാവും.

അനില്‍@ബ്ലോഗ് December 19, 2008 at 6:59 PM  

പ്രിയ സി.കെ. ബാബു,
ഇതു പരിശോധന ശരിക്കും ഉള്ളതാണോ?

പിന്നെ ആ കന്യാചര്‍മ്മം പോട്ടാന്‍ പാടില്ലാത്ത വല്ല മെംബ്രൈനുമാണോ? അറിയില്ല കെട്ടോ.
പല സാഹചര്യങ്ങളിനും കന്യകകളിലും ഇതു പൊട്ടാമെന്നു കേള്‍ക്കുന്നു.

മെന്‍സ്ട്വല്‍ ബ്ലീഡിങ് എങ്ങിനെ വരുന്നു?

സൂരജ് വന്നിരുന്നേല്‍ ചോദിക്കാമായിരുന്നു.

സി. കെ. ബാബു December 19, 2008 at 7:25 PM  

അനില്‍@ബ്ലൊഗ്,
ഉള്ളതുതന്നെ. ബാക്കി ചോദ്യങ്ങള്‍‍ക്കു് സൂരജ് മറുപടി തരുമായിരിക്കും. സൂരജിനെ കുറെ നാളായി കാണാനില്ല. ജോലിത്തിരക്കാവും.

മൂര്‍ത്തി December 20, 2008 at 1:12 AM  

ബാബൂസ്, ഈ ബ്ലോഗ് വായിച്ചെത്തിച്ചു. ഇനി മറ്റുള്ളവയില്‍ കൈവെയ്ക്കണം. :)

പാമരന്‍ December 20, 2008 at 5:11 AM  

ഈ ആഫ്രിക്കയില്‍ ചെന്നാല്‍ ഹൈമെന്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ദാതാക്കളെ കിട്ടുവോ ആവോ.. ഒരു ഏജന്‍സി തുടങ്ങിയിരുന്നേല്‍ നല്ലൊരു ബിസിനസ്സായേനേ..

സി. കെ. ബാബു December 20, 2008 at 8:22 AM  

മൂര്‍ത്തി,
അകലെ താമസിച്ചു് ജോലി ചെയ്യുന്ന പിതാവു് അവധിക്കു് വീട്ടില്‍ വരുമ്പോള്‍ മക്കള്‍ “മമ്മി ദാണ്ടെ ഒരാളു് കാണാന്‍ വന്നേക്കുന്നു!” ‍എന്നു് അമ്മയെ വിളിക്കുന്നപോലെ, ബ്ലോഗെഴുത്തില്‍ ഏറെ വിടവുവന്നാല്‍ പിന്നെ ഗൂഗിളോ അഗ്രിഗേറ്ററോ ഒന്നും ബ്ലോഗറെ കണ്ടാല്‍ തിരിച്ചറിയില്ലത്രേ! ബ്ലോഗര്‍ പിടിച്ച പുലിവാലാണു് ഒരര്‍ത്ഥത്തില്‍ ബ്ലോഗ്പോസ്റ്റിംഗ്‍! പിടി വിട്ടാല്‍ പുലിതിന്നും! അതുകൊണ്ടു് എഴുതിക്കൂട്ടുകതന്നെ രക്ഷ! :)

വായനക്കു് നന്ദി!

പാമരന്‍,
കാനഡ വിട്ടിട്ടുള്ള ഏജന്‍സി ഒന്നും വേണ്ടെന്നു്‌ വയ്ക്കുന്നതാ ബുദ്ധി. ഏജന്‍സി ആഫ്രിക്കയിലായാലും ശരി, കേരളത്തിലായാലും ശരി. nostalgic ആയ കഥകളും കവിതകളും ഒക്കെ എഴുതിക്കൊള്ളൂ. കുഴപ്പമില്ല. പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍! അതു് വേറെ കാര്യം. ഈ വാര്‍ത്ത കണ്ടുകാണുമെന്നു്‌ കരുതുന്നു.

അറേബ്യന്‍ മണലാരണ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നെങ്കിലും മടങ്ങണമെന്നു് ആഗ്രഹിക്കുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. പക്ഷേ അമേരിക്ക, കാനഡ, യൂറോപ്പ്, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇവിടെയൊക്കെ എത്തിപ്പെടാന്‍ കഴിഞ്ഞവര്‍ അവിടങ്ങളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുന്നതാണു് എന്റെ അഭിപ്രായത്തില്‍ നല്ലതു്. സ്വന്തമായ ഒരു ചെറിയലോകം കെട്ടിപ്പടുക്കാന്‍ അവിടങ്ങളില്‍ താരതമ്യേന എളുപ്പമാണു്. മക്കളെ പ്രതിയും അതു് ആശാസ്യമായ കാര്യമായിരിക്കും. തനിക്കുവേണ്ടി ജീവിക്കാന്‍ കഴിയാത്തവര്‍ക്കു് മക്കള്‍ക്കുവേണ്ടിയെങ്കിലും ജീവിച്ചു എന്നാശ്വസിക്കണമെങ്കില്‍ അവരെ വീണ്ടും പറിച്ചുനടാതിരിക്കുകയായിരിക്കും ഉത്തമം.

ഓരോരുത്തരുടെ സാഹചര്യങ്ങളും അവസ്ഥകളും‍ വ്യത്യസ്തമാണെന്നറിയാമെങ്കിലും ഈ വിഷയത്തില്‍ പലരുടെ അനുഭവങ്ങള്‍ അറിയാമെന്നതിനാല്‍ പറഞ്ഞു എന്നുമാത്രം.

“പാവം പാമരന്‍! നല്ലൊരു മനുഷ്യനായിരുന്നു. ആഫ്രിക്കയില്‍ ഹൈമെന്‍ സര്‍ജറിയുടെ ക്വട്ടേഷന്‍ എടുത്തു്‌ നാനാവിധമായിപ്പോയി” എന്നു് പറയേണ്ടി വരുന്നതു്‌ കഷ്ടമല്ലേ? :)

lakshmy December 20, 2008 at 4:27 PM  

ചിത്രം വിചിത്രം തന്നെ. ആചാരങ്ങളും
ഇപ്പോഴുമുണ്ടോ ഇവർക്കിടയിൽ മാറുമറയ്ക്കാത്ത സ്ത്രീകൾ?!!

സി. കെ. ബാബു December 20, 2008 at 6:25 PM  

lakshmy,
എപ്പോഴുമില്ല. :)

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ബിനോയ് December 21, 2008 at 9:43 AM  

ചര്‍മം, രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധിച്ചു കൊടുക്കപ്പെടും. ചര്‍മം missing ആണെന്കില്‍ ഒട്ടിച്ചു കൊടുക്കപ്പെടും. രക്ഷിതാക്കളുടെ ആവശ്യത്തിന്മേല്‍ , ചര്‍മം പൊട്ടിച്ചവനെ (അവനു ചര്‍മം ഉണ്ടെങ്കിലും ഇല്ലെങ്കിലും) കണ്ടുപിടിച്ചുകൊടുക്കപ്പെടും.പ്രതി ദാരിദ്രവാസിയാണെങ്കില്‍ തല്ലിക്കൊല്ലാന്‍ കൊട്ടേഷന്‍ സ്വീകരിക്കപ്പെടും. പൊട്ടിച്ചവന്‍ പാതിരിയാണെങ്കില്‍ ശിഷ്ടകാലം രക്ഷിതാക്കള്‍ക്ക് വയിച്ചുല്ലസിക്കാന്‍ ഇടയലേഖനങ്ങള്‍ വില്‍ക്കപ്പെടും.

ഹാവൂ! ബോര്‍ഡ് റെഡിയായി. നാളെ കട തുറക്കാം.

സി. കെ. ബാബു December 21, 2008 at 12:17 PM  

ബിനോയ്,

കട തുറക്കുന്നതിനോടനുബന്ധിച്ചു് വേണ്ടപ്പെട്ടവരെ ഒക്കെ പങ്കെടുപ്പിച്ചു്‌ ഒരു ഉദ്ഘാടനസമ്മേളനം കൂടി വച്ചിരുന്നെങ്കില്‍ തുടക്കം തന്നെ അടിപൊളി ആയിരുന്നേനെ!

ഒരുദാഹരണം:

അദ്ധ്യക്ഷന്‍: ഇടവകപ്പള്ളീലെ വലിയച്ചന്‍

ഉദ്ഘാടകന്‍: ഇടവകപ്പള്ളീലെ ചെറിയച്ചന്‍

ഈശ്വരപ്രാര്‍ത്ഥന: മഠത്തിലെ മദര്‍ സുപ്പീരിയര്‍

കൃതജ്ഞതാഗാനാലാപനം: മഠത്തിലെ “ഊനമില്ലാത്ത” (ഇതുവരെ മുട്ടയിട്ടിട്ടില്ലാത്ത!) പിടക്കോഴികള്‍

ആദ്യത്തെ മൂന്നു് ചടങ്ങുകള്‍ക്കു് ഇതിലും യോജിച്ച വേറെ മൂന്നുപേര്‍ ഉണ്ടു്. പക്ഷേ അവര്‍ തത്കാലം അവെയ്‌ലബിള്‍ അല്ലാത്തതിനാല്‍ ലോക്കല്‍ വിശുദ്ധരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

(ഊനമില്ലാത്ത കന്യാസ്ത്രീകള്‍ മഠത്തില്‍ സമൂഹഗാനത്തിനു്‌ മിനിമം വേണ്ടത്ര എണ്ണം ഉണ്ടാവുമോ എന്നു് ഉറപ്പില്ലാത്തതുകൊണ്ടാണു് പിടക്കോഴികള്‍! പിടകള്‍ ആവുമ്പോള്‍ ഇട്ട മുട്ട ഇട്ടില്ല എന്നു് പറയാനുള്ള സാദ്ധ്യതയും വളരെ കുറവാണു്.)

കാലേകൂട്ടി കുറേ പോസ്റ്റര്‍ ചുറ്റുവട്ടങ്ങളിലൊക്കെ ഒട്ടിക്കുകയും, ജീപ്പില്‍ ഒരു നോട്ടീസ് വിതരണവും അനൌണ്‍സ്മെന്റും നടത്തുകയും ചെയ്തിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ ഒരു സിനിമാനടന്‍ തൊണ്ണൂറ്റെട്ടാം വയസ്സില്‍ മരിച്ചാലത്തെ ഇടിച്ചുകയറ്റമായിരുന്നേനെ! കടയുടെ ഒരു പതിമൂന്നു് ബ്രാഞ്ചെങ്കിലും പിറ്റേദിവസം തുറക്കാനും‍ കഴിഞ്ഞേനെ! പണ്ടു് അനൌണ്‍സ്മെന്റ് നടത്തിയിരുന്നവര്‍ ഇപ്പോള്‍ ടെലിവിഷനില്‍ പ്രോഗ്രാം അവതാരണം വഴിയാണു് മസാലദോശ വാങ്ങുന്നതു്. അവരില്‍ പലരുടെയും പ്രോഗ്രാം “അവതാരണം” ഇപ്പോഴും അനൌണ്‍സ്മെന്റ് പോലെ ആയിപ്പോവുന്നതു് ശ്രദ്ധിച്ചിട്ടില്ലേ? അവരെ അവിടെച്ചെന്നുകണ്ടു് കാണിക്കവച്ചു് ക്ഷണിക്കുക. :)

(കാര്യങ്ങള്‍ ഇത്തിരി nostalgic ആവണമെന്നുണ്ടെങ്കില്‍ ജീപ്പിനു് പകരം കാളവണ്ടിയുമാകാം.)

കട ഒരു വന്‍വിജയമാവാന്‍ അമൃതാനന്ദമയി വല്യമ്മയോടും സത്യസായിബാബ വല്യച്ഛനോടും ഒസാമാ ബിന്‍ ലാദന്‍ വല്യുപ്പയോടും പ്രാര്‍ത്ഥിക്കുന്നു! അനുഗ്രഹം ഏതു് ദൈവത്തില്‍ നിന്നാണു് വരുന്നതു് എന്നു് കൃത്യമായി എനിക്കറിയില്ല എന്നതുകൊണ്ടാണു്‌ എല്ലാവരോടുമുള്ള ഈ പ്രാര്‍ത്ഥന !

Inji Pennu December 21, 2008 at 4:57 PM  

ബാബു
ആഫ്രിക്കയിലെ സ്വാസിലാണ്ടില്‍ സുളു ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇങ്ങിനെ ഒരു ടെസ്റ്റ് ഉള്ളതായി അറിയാം. അവരുടെ രാജാവിനു വേണ്ടി ഈയടുത്ത് ഇങ്ങിനെയൊന്നു നടത്തിയിരുന്നതായി വായിച്ചിട്ടുണ്ട്.
താങ്കളുടെ പോസ്റ്റില്‍ പ്രത്യേകമായി ഒന്നും എടുത്തുപറഞ്ഞിരുന്നില്ല. ആകെ പറഞ്ഞത് തെക്കേആഫ്രിക്കയെന്നും ഒരു ഗോത്രവര്‍ഗ്ഗമെന്നും. അതുകൊണ്ടാണ് ചോദിച്ചത്. അവരുടെ റീഡ് ഡാന്‍സിന്റെ ചിത്രങ്ങളാണോ ഇവ? താങ്കള്‍ നേരിട്ട് എടുത്തതാണോ? അതോ ഇനി മറ്റു വല്ല ഗോത്രങ്ങളിലും ഇങ്ങിനെയുണ്ടോ? ഇതിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിച്ചത്. കുറേ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത് വെച്ച് താങ്കള്‍ അതീവ ഗൌരവമായൊരു കാര്യം പറയുകയാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങിനെ ചോദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പറയുവാന്‍ താല്പര്യമില്ലെങ്കില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമ.

സി. കെ. ബാബു December 21, 2008 at 8:10 PM  

Inji Pennu,

ലിങ്ക് ചോദിച്ചു. ലിങ്കില്ലാത്തതുകൊണ്ടു് ഇല്ലെന്നു് പറഞ്ഞു. അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ. ക്ഷമ ചോദിക്കാനും മറ്റുമുള്ള കാര്യമൊന്നും ഇതിലില്ല.

പാമരന്‍ December 22, 2008 at 7:48 PM  

ബാബുമാഷെ, ഞാന്‍ ആഫ്രിക്കയില്‍ നിന്നു ഹൈമന്‍ കൊണ്ടു വന്നു കേരളത്തില്‍ അതില്ലാതെ കഷ്ടപ്പെടുന്ന തിരുമണവാട്ടികളെ സഹായിക്കുന്ന കാര്യമാ ഉദ്ദേശിച്ചത്‌.. :)

നമ്മള്‍ നാടു വിട്ടെങ്കിലും നാടിനു വേണ്ടി എന്തേലുമൊക്കെ ചെയ്യേണ്ടേ :)

സി. കെ. ബാബു December 23, 2008 at 10:36 AM  

പാമരന്‍,

“ഒരു ഹൈമെന്‍, ഒരായിരം സാദ്ധ്യതകള്‍!” :)

പരാതിക്കാരൻ January 1, 2009 at 7:58 AM  

ഇത്യസാക്ഷി പറഞ്ഞതുപോലെ ഇത് പോണോക്രാപ്പി ആണല്ലോ തള്ളെ... ജബ്ബാർ മഷിന്റെ സിറ്റിൽനിന്നും വരുകയ. ഭയങ്കര ക്ഷീണം...ഇത് വായിച്ചപ്പോഴാണ് അത് ഓർമ്മ വന്നത്, ഈജിപ്റ്റ് കാരൻ ഒരു മൊഹന്തീസ് കുവൈറ്റിൽ ജോലിക്കുവന്നു, കിട്ടുന്നകാശെല്ലാം (കുവൈറ്റ് ദിനാർ) സൂക്ഷിച്ചുവച്ചു... അയാൾ ഒരിക്കൽ പറഞ്ഞു എനിക്ക് ഒരു കല്ല്യണം കഴിക്കണം അതിന് മഹർ കൊടുക്കാൻ ആണ് ഞാൻ സമ്പാദിക്കുന്നത് എന്ന്, ബാക്കിയെല്ലാം വേണമെങ്കിൽ ആഫ്രിക്കൻ കഥ പോലെ

പരാതിക്കാരൻ January 1, 2009 at 7:59 AM  

നമ്മുടെ ജീവിതരീതികൾ കേട്ടാൽ ആഫ്രിക്കകാരനും വിചിത്രമായി തോന്നും, പിന്നെ ലിങ്ക് കിട്ടുമോ എന്ന് നോക്ക്, ഇഞ്ചിയെപോലെ

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP