Monday, December 15, 2008

**മനുഷ്യാവകാശം?**


1. അമ്മയെ സഹായിക്കാന്‍ കല്ലുചുമക്കുന്ന പിഞ്ചുമകള്‍


2. ജീവിക്കാന്‍ വേണ്ടി താങ്ങാനാവാത്ത കല്ലുകള്‍ ചുമക്കേണ്ടി വരുന്ന ബാലന്‍‍

മനുഷ്യാവകാശം ഇല്ലാത്തവര്‍:

അമ്മമാരും മക്കളും! ജീവിതത്തിന്റെ മൌലികമായ അനിവാര്യതകള്‍ക്കുവേണ്ടി ചോര നീരാക്കുന്നവര്‍. അവരെ സഹായിക്കാന്‍ ദൈവമില്ല, മനുഷ്യരില്ല. അവര്‍ക്കു് അവര്‍ മാത്രം! പൊട്ടിക്കുന്ന കല്ലിന്റെ അളവിനു് കിട്ടുന്ന കൂലി. എത്രനാള്‍ അദ്ധ്വാനിക്കുന്നുവോ അത്രനാള്‍ ജീവിതം. മനുഷ്യാവകാശങ്ങള്‍ എന്തെന്നു് അറിയാത്തതിനാല്‍ മനുഷ്യാവകാശലംഘനത്തെപ്പറ്റി പരാതികളുമില്ല! പരാതി ഉണ്ടായാല്‍ പോലും വാദിക്കാന്‍ വക്കീലില്ല, വാദം കേള്‍ക്കാന്‍ കോടതികളുമില്ല. മന്ത്രിമാരേയും ഉദ്യോഗസ്ഥന്മാരേയും വിലയ്ക്കെടുത്തു് തങ്ങള്‍ക്കു് അനുകൂലമാക്കാന്‍ തുടുത്ത അവയവങ്ങളോ മുഴുത്ത പണസഞ്ചികളോ ഇല്ല. ഇതുവരെ “ദൈവത്തിനു്” എന്തെങ്കിലും കൊടുത്തിട്ടുള്ളതല്ലാതെ ദൈവത്തില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ലാത്ത അവരെ പാപമോചിതരാക്കി “ദൈവമക്കളാക്കാന്‍” ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടു് എന്നാണു് കേള്‍വി. അതു് നന്നായി. മരണശേഷമെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമല്ലോ! പാറപൊട്ടിച്ചു് ഉണ്ടാക്കുന്നതിന്റെ ഒരംശം പിടിച്ചുപറിക്കാനും, പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനും ഒക്കെ വേണം ഒരുതരം ദൈവവരം (തൊലിക്കട്ടി എന്നു് പച്ചമലയാളം)! വിധവയുടെ ചില്ലിക്കാശു് ആയാലും കിട്ടുന്നതു് പോന്നോട്ടെ! പണത്തിനു് ദുര്‍ഗ്ഗന്ധമില്ല, അയിത്തമില്ല, ജാതിയില്ല, മതമില്ല, ലിംഗമില്ല.

മനുഷ്യാവകാശം ഉള്ളവര്‍‍ (അഥവാ, മനുഷ്യാവകാശം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നവര്‍):

(സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട) സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വം പരിശോധിച്ചതു് മനുഷ്യാവകാശലംഘനമാണെന്നു് സിസ്റ്റര്‍ ജെസി കുര്യന്‍ - വാര്‍ത്ത

അഭയാ കേസുമായി ബന്ധപ്പെട്ട്‌ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ടു പുറത്തുവിട്ട നടപടി വൈദ്യശാസ്ത്ര നീതിക്കു നിരക്കാത്തതും മനുഷ്യത്വരഹിതവുമാണെന്നു വിദേശരാജ്യങ്ങളിലടക്കം മുപ്പതു വര്‍ഷത്തിലേറെയായി സേവനം ചെയ്തിട്ടുള്ള പ്രമുഖ ഗൈനക്കോളജിസ്റ്റ്‌ ഡോ. മേരി മാഴ്സെലസ്‌ അഭിപ്രായപ്പെട്ടു. - വാര്‍ത്ത.

മനുഷ്യാവകാശലംഘനം കന്യാചര്‍മ്മപരിശോധനയ്ക്കു് മാത്രമാണോ ബാധകം എന്നറിയില്ല. മനുഷ്യാവകാശം ഇല്ലാത്തതുകൊണ്ടാണോ നിരപരാധികള്‍ കൊല്ലപ്പെടുന്നതും, കളിച്ചുനടക്കേണ്ട കുട്ടികള്‍ കല്ലുമടകളില്‍ പാറപൊട്ടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടേണ്ടിവരുന്നതെന്നും അറിയില്ല. അത്തരം കാര്യങ്ങളെപ്പറ്റി വിശദവും വ്യക്തവുമായി അറിയാവുന്ന പലരും അഭയയുടെ കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സ്ഥിതിക്കു് അവരിലാരെങ്കിലും ആരോരുമില്ലാത്ത ഈ അഗതികള്‍ക്കുവേണ്ടിയും രംഗപ്രവേശം ചെയ്താലോ എന്ന പ്രതീക്ഷയാണു് ഈ പോസ്റ്റിനാധാരം. പദവിയും കാര്യവിവരവും ഉള്ളവര്‍ ഇടപെട്ടാലല്ലേ എന്തെങ്കിലും നടക്കൂ!

7 comments:

ശ്രീവല്ലഭന്‍. December 15, 2008 at 10:44 PM  

നല്ല ചോദ്യങ്ങള്‍!

അനില്‍@ബ്ലോഗ് December 16, 2008 at 3:53 AM  

പ്രിയ സി.കെ.ബാബു,
ഒരു വിയോജിപ്പ് രേഖപ്പെടുത്തട്ടെ.

ഇത്തരം നിരവധി കാഴ്ചകള്‍ കേരള‍ത്തില്‍ എവിടെയും ധാരാളം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജോലിതേടി എത്തിയിട്ടുള്ള ആളുകളാണധികവും. അവര്‍ പല ജോലികളും കരാറെടുക്കുന്നു, കുടുംബത്തിലുള്ള എല്ലാവരും ഒന്നിച്ച് പണിയെടുക്കുന്നു, കുഞ്ഞു മുതല്‍ മുത്തശ്ശി വരെ. അത് അവരുടെ ജോലിയോടുള്ള താല്‍പ്പര്യം നിമിത്തമാവാം, പണത്തിന്റെ ആവശ്യകത ആവാം.എന്റെ വീടിന്റെ മുന്നില്‍ ട്രഞ്ചു കീറിക്കൊണ്ടിരിക്കുന്ന തമിഴ് കുടുംബത്തെ നോക്കിനിന്നിട്ടാണ് ഞാനിതെഴുതുന്നത്. ഏഴര മണിക്ക് ജോലിക്കിറങ്ങിയതാണിവര്‍. പണ്ടു നമ്മുടെ പാടത്ത് നമ്മള്‍ പണിക്കിറങ്ങിയിരുന്ന കാലം ഓര്‍മ്മവരികയാണ്.

നിര്‍ബന്ധിതമായി കഠിന ജോലികള്‍ ചെയ്യിക്കുന്നത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ് എന്നതില്‍ യോജിക്കയും ചെയ്യുന്നു.

പാമരന്‍ December 16, 2008 at 6:11 AM  

സഹോദരിയുടെ മനുഷ്യാവകാശത്തിനു എന്തു പ്രശ്നമാണോ പറ്റിയത്‌.. മനസ്സിലാകുന്നില്ല.

ആ കുഞ്ഞുങ്ങള്‍ പണിചെയ്യുന്ന പടം കണ്ടു ലജ്ജിച്ചു തല താഴ്ത്തുന്നു.

അനോണി ആന്റണി December 16, 2008 at 8:39 AM  

ഫോറന്‍സിക്ക് ഗൈനക്കോളജി എന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്നറിയാത്ത കുറേ മാദ്ധ്യമങ്ങളുടെ കോപ്പിലെ കന്യാചര്‍മ്മ വിവാദം. ബുദ്ധിയും വിവേകവുമില്ലാത്ത പരട്ട സാമൂഹ്യവിരുദ്ധരുടെ മനുഷ്യാവകാശ പ്രഖ്യാപനവും. ഫൂ.

നീതിക്കു മുന്നില്‍ തുല്യതയാണ്‌ മനുഷ്യാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് (ആഹാരം, ജീവരക്ഷ, വിദ്യാഭ്യാസം.. ഇതൊക്കെ എന്താണു സാര്‍?) . പ്രതിസ്ഥാനത്ത് ഉന്നതരും വിദഗ്ദ്ധരുമായി എന്ന ഒറ്റക്കാരണം കൊണ്ട് അഭയയുടെകൊലയാളി ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയാണെങ്കില്‍ അതാണ്‌ മനുഷ്യാവകാല ലംഘനം.

സെഫിയെന്ന മത്രപ്രവര്‍ത്തക ജ്യാമത്തിന്‌ അപേക്ഷിച്ചപ്പോള്‍ അത് നിഷേധിക്കാന്‍ സി ബി ഐ ഹാജരാക്കിയ വാദം പ്രതി ഉന്നതസ്വാധീനമുള്ള തെളിവുനശിപ്പിക്കലില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ സഹായം ലഭ്യമാക്കിയ കുറ്റാരോപിത ആണെന്നതായിരുന്നു. അതിനായി ഹാജരാക്കിയ ഉദാഹരണമാണ്‌ ഹൈമന്‍ റിസ്റ്റോറേഷന്‍ സര്‍ജ്ജറി. മെഡിക്കല്‍ എവിഡന്‍സ് പ്രതിയില്‍ നിന്നും കളക്റ്റ് ചെയ്യാന്‍ സമ്മതം വേണമെന്ന് മനുഷ്യാവകാശ നിയമമൊന്നുമില്ല.

ഈ കോഞ്ഞാട്ടകള്‍ പറയുന്ന ആര്‍ട്ടിക്കിള്‍ സെവന്‍ "രോഗിയുടെ" അറിവും സമ്മതവും ഇല്ലാതെ മെഡിക്കല്‍ "ചികിത്സയോ" പരീക്ഷണമോ "രോഗി"ക്കുമേല്‍ നടത്തരുത് എന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്. ബലാത്സംഗം നടത്തിയെന്ന കുറ്റാരോപിതനെ പിടിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രിമിനല്‍ പ്രൊസീജ്വറിലാണ്‌ വകുപ്പ്. അവന്‍ എന്റെ സമ്മതമില്ലാതെ നടത്തിയെന്ന് കോടതിയില്‍ ചെന്ന് ബഹളമുണ്ടാക്കുമോ?

തുര്‍ക്കിയിലും മറ്റും കെട്ടാന്‍ പോണ പെണ്‍പിള്ളേരെ നിര്‍ബ്ബന്ധിച്ച് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി വരന്റെ പാര്‍ട്ടി കന്യകാത്വ പരീക്ഷണം നടത്തിക്കാറുണ്ട്. അത് മനുഷ്യാവകാശ ലംഘനം. ഫോറന്‍സിക്ക് പരിശോധന മനുഷ്യാവകാശലംഘനമല്ല.

മനുഷ്യാവകാശം കയ്യൂക്കുള്ളവന്‌. ബെസ്റ്റ്.

ബാബു മാഷേ, ഒരു സംശയം. വിദ്യയും അറിവും നേടാനുള്ള കുട്ടിയുടെ അവകാശം അംഗീകരിക്കപ്പെട്ട അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണ്‌. അത് കുട്ടികള്‍ക്കു നല്‍കാതെ തെറ്റും അബദ്ധവും വെറുപ്പും അന്ധവിശ്വാസവും കൊടുത്ത് അറിവിനുള്ള അവകാശം ലംഘിക്കുന്ന മാതാപിതാക്കളും മതപ്രവര്‍ത്തകരും ചെയ്യുന്നതല്ലേ ശരിയായ മനുഷ്യാവകാശ ലംഘനം?

സി. കെ. ബാബു December 16, 2008 at 12:31 PM  

ശ്രീവല്ലഭന്‍,
പല മെറ്റഫിസിക്കല്‍ ചോദ്യങ്ങളില്‍ നിന്നും വിപരീതമായി ഈ ചോദ്യങ്ങള്‍ക്കു് മറുപടി ലഭിക്കാത്തതു് മറുപടി ഇല്ലാത്തതുകൊണ്ടല്ല, അതു് പറയേണ്ടവര്‍ പഠിച്ച കള്ളന്മാരായതിനാലാണു്. നമ്മള്‍ തലപ്പത്തു് കയറ്റി ഇരുത്തി മഹാത്മാക്കളായി ആരാധിക്കുന്ന കപടന്മാരായ ആത്മീയ-രാഷ്ട്രീയനേതാക്കള്‍!

അനില്‍@ബ്ലോഗ്,
ഫോട്ടോയില്‍ കാണുന്നതുപോലെയുള്ള മനുഷ്യരുടെ കാര്യത്തില്‍ ജീവിതത്തിന്റെ അനിവാര്യതകള്‍ അവരെക്കൊണ്ടു് അതു് ചെയ്യിക്കുന്നതാണു്. ജീവിക്കാന്‍ പണം വേണം. പണം ലഭിക്കാന്‍ ജോലി ചെയ്യണം. അല്ലെങ്കില്‍ പട്ടിണി കിടന്നു് ചാവേണ്ടിവരും. അതുകൊണ്ടു് ലഭ്യമായതും, ചെയ്യാന്‍ വലിയ വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ലാത്തതുമായ ഇത്തരം ജോലികള്‍ അവര്‍ ചെയ്യുന്നു. അന്യസംസ്ഥാനങ്ങളില്‍ ജോലിസാദ്ധ്യതയും വരുമാനവും കൂടുതലാണെന്നറിഞ്ഞാല്‍ അവര്‍ അങ്ങോട്ടു് പോകുന്നു. മനുഷ്യന്‍ സ്വന്തജീവിതം കഴിവതും “മെച്ചപ്പെട്ട” രീതിയില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനു് അവനെ കുറ്റപ്പെടുത്താനാവില്ലല്ലോ. മലയാളികള്‍ വിദേശത്തു് ജോലിതേടി പോകുന്നില്ലേ? ‍ അതൊക്കെ കണ്ടു് വളരുന്ന അവരുടെ കുഞ്ഞുങ്ങള്‍ സ്വാഭാവികമായും മാതാപിതാക്കളെ അനുകരിക്കുന്നു. സ്വന്തം ജീവിതം നശിപ്പിച്ചതു് ഒന്നുകില്‍ അവര്‍ ഒരിക്കലും തിരിച്ചറിയുകയില്ല, അല്ലെങ്കില്‍ അതു് തിരിച്ചരിയുമ്പോഴേക്കും തിരുത്താനാവാത്തവിധം ഒരുപാടു് താമസിച്ചു് കഴിഞ്ഞിരിക്കും. ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ പക്ഷത്തുനിന്നും നിര്‍ബന്ധത്തിന്റെ പ്രശ്നം ഇല്ല എന്നതാവും ശരി, ചുരുങ്ങിയതു് ആരംഭത്തിലെങ്കിലും.

കൊച്ചുകുട്ടികളെ മോഷ്ടിച്ചുകൊണ്ടുപോയി ബാലവേല ചെയ്യിക്കുന്ന “ബോസുകള്‍ക്കു്” വില്‍ക്കുന്നവരും ആര്‍ഷഭാരതത്തില്‍ ധാരാളമുണ്ടു്, പ്രത്യേകിച്ചും മദ്ധ്യ-ഉത്തരഭാരതത്തില്‍! അതില്‍ ഇടപെടുന്നവര്‍ക്കു് നേരിടേണ്ടിവരുന്നതു് പൊതുസമൂഹത്തിലെ ആരാദ്ധ്യപുരുഷന്മാരായ രാഷ്ട്രീയത്തിലേയും മതങ്ങളിലേയും “വന്‍‌തോക്കുകളുടെ” ക്വട്ടേഷന്‍ കാരെയായിരിക്കും.

പാമരന്‍,
നിത്യമണവാളനെ കാത്തിരിക്കുന്ന നിത്യകന്യകയായ ഒരു മണവാട്ടിയുടെ കന്യാചര്‍മ്മത്തില്‍ “പങ്ചര്‍ ഒട്ടിക്കല്‍” നടന്നു എന്നു് ഭൂമിയിലെ മനുഷ്യര്‍ അറിയരുതെന്നേയുള്ളു. സ്വര്‍ഗ്ഗത്തിലെ നിത്യമണവാളന്‍ അതൊന്നും അറിയാന്‍ പോകുന്നില്ല. അതു് ആത്മീയ അമ്മയപ്പന്മാരേക്കാള്‍ നന്നായി വേറെ ആര്‍ക്കറിയാം?

ഒട്ടിച്ചവരെത്ര? ഒട്ടിക്കാത്തവരെത്ര? തുന്നിയവരെത്ര? തുന്നാത്തവരെത്ര? ആരറിയുന്നു, ആര്‍ക്കറിയണം ഇതൊക്കെ? തുന്നുന്നതു് അബദ്ധത്തില്‍ കണ്ടതിന്റെ പേരില്‍ തുന്നാത്തവളെ തല്ലിക്കൊല്ലാതിരുന്നെങ്കില്‍ ഇപ്പോഴും ഇതുപോലുള്ള പലകാര്യങ്ങളും നമ്മള്‍ അറിയുമായിരുന്നോ?

നമ്മളൊക്കെ വിശ്വാസികളാവാന്‍ വിധിക്കപ്പെട്ട വെറും വിഡ്ഢികള്‍! പരിശുദ്ധപിതാക്കന്മാര്‍ പറയുന്നതു് വിശ്വസിച്ചു് മിണ്ടാതിരുന്നാല്‍ നമുക്കു് നല്ലതു്. അല്ലെങ്കില്‍ യേശുമശിഹാ കാറോടിച്ചുകൊണ്ടുവന്നു് നമ്മളെ ഇടിച്ചുകൊന്നു് സ്വര്‍ഗ്ഗത്തിലേക്കു് കൊണ്ടുപോകും!

അനോണി ആന്റണി,
നിരീക്ഷണങ്ങളോടു് യോജിക്കുന്നു.

ആഫ്രിക്കയിലെ ഒരു ‍വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വിവാഹത്തിനു് മുന്‍പു് ഒരു “കന്യാചര്‍മ്മടെസ്റ്റ്” പാസായിരിക്കണമത്രെ! ടെസ്റ്റില്‍ ജയിച്ചവര്‍ക്കു് നെറ്റിയില്‍ വെളുത്ത ഒരു അടയാളവും ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കും. ടെസ്റ്റ് നടത്തുന്നവര്‍ മുതിര്‍ന്ന സ്ത്രീകളും മന്ത്രവാദിനികളും ഒടിവൈദ്യത്തികളുമാണു്. പെണ്‍കുട്ടികള്‍ മൂന്നുദിവസം അതിനായുള്ള ഒരു സ്ഥലത്തു് സമ്മേളിച്ചിരിക്കണം.

മതപുരോഹിതന്മാരെ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ കേരളത്തിലും കന്യാസ്ത്രിയമ്മമാര്‍ പെണ്‍കുട്ടികളുടെ കന്യാചര്‍മ്മം തൊട്ടുനോക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികം താമസമുണ്ടാവില്ല. ഇവരുടെയൊക്കെ പുറകെ നടക്കുന്ന മനുഷ്യരുടെ കാര്യമാണു് കഷ്ടം. സാമ്പത്തികവും, സാംസ്കാരികവുമായ പിന്നാക്കാവസ്ഥയുടെ ഒരു അവിഭാജ്യഘടകമാണു് അതിരുകടന്ന മതവിശ്വാസം എന്നതാണു് അതിനു് കാരണമെന്നു് തോന്നുന്നു.

#“വിദ്യയും അറിവും നേടാനുള്ള കുട്ടിയുടെ അവകാശം അംഗീകരിക്കപ്പെട്ട അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണ്‌. അത് കുട്ടികള്‍ക്കു നല്‍കാതെ തെറ്റും അബദ്ധവും വെറുപ്പും അന്ധവിശ്വാസവും കൊടുത്ത് അറിവിനുള്ള അവകാശം ലംഘിക്കുന്ന മാതാപിതാക്കളും മതപ്രവര്‍ത്തകരും ചെയ്യുന്നതല്ലേ ശരിയായ മനുഷ്യാവകാശ ലംഘനം?”#

അതിനെപ്പറ്റി എന്റെ അഭിപ്രായം:
ഇവിടെ പരാമര്‍ശിക്കപ്പെടുന്ന മാതാപിതാക്കള്‍ സ്വയം ബലിയാടുകളായവരാണു്. അവരെ ആരും ശരിയായ വഴി കാണിച്ചില്ല. അവര്‍ എങ്ങനെ അവരുടെ മക്കളെ നേര്‍വഴി കാണിക്കും? അതേസമയം ജനങ്ങളെ നയിക്കുന്നവര്‍ മതപ്രവര്‍ത്തകരായാലും, രാഷ്ട്രീയ നേതാക്കള്‍ ആയാലും അവര്‍ക്കു്‍ ഈ വിഷയത്തില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അവര്‍ ചെയ്യുന്നതു് തീര്‍ച്ചയായും മനുഷ്യാവകാശലംഘനമാണു്, വളരുന്ന തലമുറയിലെ ഒരു വിഭാഗത്തിനുനേരെ മനഃപൂര്‍വ്വം നടത്തുന്ന കണ്ണടയ്ക്കലാണു്.

ഫോട്ടോയില്‍ കാണുന്ന പെണ്‍‌കുട്ടിക്കും ആണ്‍കുട്ടിക്കും ജന്മംമുതല്‍ സോണിയാഗാന്ധിയുടെ വളര്‍ത്തുമക്കള്‍ ആവാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍...? അല്ലെങ്കില്‍ ഒബാമയെപ്പോലെ അമേരിക്കയിലെ സായിപ്പന്മാരുടെ സംരക്ഷണയില്‍ വളരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...?

(സോണിയയും ഒബാമയും രണ്ടുദാഹരണങ്ങള്‍ മാത്രം!)

paarppidam December 16, 2008 at 1:07 PM  

ചിത്രം വിഷമം ഉണ്ടാക്കുന്നു.
ഒരു കന്യാസ്ത്രീ (കന്യക അല്ലെങ്കിൽ മഠത്തിലെ സ്തീ എന്നും വായിക്കാം) സെഫിയെ പോലെ തന്നെ സിസ്റ്റർ അഭയക്കും ജീവിക്കുവാൻ മനുഷ്യാവകാശം ഉണ്ടായിരുന്നു.തന്റെ മകളുടെ മരണത്തിലെ ദുരൂഹത മാറ്റിക്കിട്ടുവാൻ അഭയയുടെ മാതാപിതാക്കൾക്കും മനുഷ്യാവകാശം ഉണ്ട്.

പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യയ്തികൾ തമ്മിലുള്ള ലൈംഗീക കൃത്യം കാ‍ണാനിടയായറ്റ്tഇനെ തുടർന്നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ഒരു കേസിന്റെ തെളിiവെടുപ്പിനായി കന്യാചർമ്മം പരിശോധിക്കാതെ എങ്ങിനെ തെളിവെടുക്കും എന്ന് വ്യക്തമാക്കിയാൽ കൊളമായിരുന്നു.

മനുഷ്യാവകാശം പ്രമാണിമാർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കരുuഹുന്നവർ ആണല്ലോ വല്യവല്യ പോസ്റ്റുകളിൽ ഇരിക്കുന്നത്.

സി. കെ. ബാബു December 16, 2008 at 3:49 PM  

പാര്‍പ്പിടം,
കന്യാചര്‍മ്മത്തിനു് റപ്ചര്‍ സംഭവിക്കാന്‍ ഒരു കന്യക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നു് ഒരു നിര്‍ബന്ധവുമില്ല എന്നു് ഇന്നു് ശാസ്ത്രീയമായി പൊതുവേ അംഗീകരിക്കപ്പെടുന്ന കാര്യമാണു്. സ്പോര്‍ട്ട്, സ്വയംഭോഗം മുതലായവ വഴി കന്യാചര്‍മ്മം mechanical stress-നു് വിധേയമായാലും hymen rupture സംഭവിക്കാമെന്നതു് ആര്‍ക്കും ചിന്തിക്കാവുന്നത്ര ലളിതമായ കാര്യമാണു്.

ഇവിടെ പ്രശ്നം അതല്ല. കഴിഞ്ഞകാലജീവിതം വഴി ‍തന്റെ കന്യാചര്‍മ്മത്തിനു് ഭംഗം ഒന്നും സംഭവിച്ചിട്ടില്ല എന്നു് ഉറപ്പുള്ള ഒരു കന്യാസ്ത്രീ എന്തിനുവേണ്ടി ഒരു ഹൈമന്‍‍ റിസ്റ്റോറേഷന്‍ സര്‍ജറി നടത്തണം? ആരെ ബോദ്ധ്യപ്പെടുത്താന്‍? സ്വര്‍ഗ്ഗത്തിലെ മണവാളനെ ബോദ്ധ്യപ്പെടുത്താനോ?

കന്യാചര്‍മ്മത്തിനു് റപ്ചര്‍ സംഭവിച്ചിട്ടുണ്ടെന്നു് തനിക്കുതന്നെ സംശയം ഉണ്ടെങ്കില്‍, ഒരു പരിശോധന വഴി ഈ സത്യം പുറത്തുവന്നാല്‍ തന്റെ അമലത്വത്തെ അതു് പ്രതികൂലമായി ബാധിക്കുമെന്നു് സ്വയം തോന്നുകയോ, അല്ലെങ്കില്‍ ഉപദേശം ലഭിക്കുകയോ ചെയ്തെങ്കില്‍, അതുവഴി താന്‍ കൂടി പ്രതി ആയ ഒരു കേസില്‍ വിധി തനിക്കു് പ്രതികൂലമായി വന്നേക്കാം എന്നു് സംശയം ഉണ്ടെങ്കില്‍, എങ്കില്‍ മാത്രമേ മഠത്തില്‍ ജീവിക്കുന്ന ഒരു കന്യാസ്ത്രീക്കു് അതുപോലൊരു സര്‍ജറി നടത്തണം എന്നു് തോന്നേണ്ടതോ ചെയ്യേണ്ടതോ ആയ കാര്യമുള്ളു.

കന്യാചര്‍മ്മത്തിനു് ഭംഗം വരാവുന്ന വിധത്തില്‍ ലൈംഗികമായ ചേഷ്ടകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു കന്യാസ്ത്രീക്കു് സ്വയരക്ഷയ്ക്കായി അതു് തെളിഞ്ഞേക്കാനിടയുള്ള പ്രധാന പഴുതു് അടയ്ക്കണം എന്നു് തോന്നുന്നതു് സ്വാഭാവികം. അത്തരം ഒരു സര്‍ജറി നടത്തിയതായും പരിശോധനയില്‍ കണ്ടെത്താനാവുമെന്നു് ചിന്തിക്കാന്‍ മാത്രം ബുദ്ധി തെളിവുകള്‍ നശിപ്പിക്കാനുള്ള പങ്കപ്പാടിനും ഭയത്തിനും ഇടയില്‍ ഉണ്ടായില്ല എന്നതും മനസ്സിലാക്കാവുന്ന കാര്യമാണു്. ഭയമുള്ള മനസ്സിനു് ലോജിക്കലായി ചിന്തിക്കുക സാദ്ധ്യമല്ലല്ലോ.

അതിനേക്കാള്‍ ഒക്കെ കഷ്ടമാണു് കേരളസമൂഹത്തിലെ മുഴുവന്‍ മനുഷ്യരും വെറും മണ്ടന്മാരും പൊട്ടന്മാരും ആയാലെന്നപോലെ കത്തോലിക്കാസഭ നടത്തുന്ന പ്രോപ്പഗാന്‍ഡകള്‍. കേസിലെ പ്രതികളേയും അഭയയേയും രണ്ടു് തട്ടുകളിലായി നിര്‍ത്തിയാല്‍, സഭ പ്രതികള്‍ക്കനുകൂലമായി ഉന്നയിക്കുന്ന ഓരോ വാദമുഖങ്ങളും പതിനാറു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് അഭയക്കുവേണ്ടിയും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഉന്നയിക്കാന്‍ സഭ ബാദ്ധ്യസ്ഥമായിരുന്നു എന്നു് മന‍സ്സിലാക്കാന്‍ സാമാന്യബോധം മതി. ഈ വസ്തുത മനസ്സിലാക്കാന്‍ ഇപ്പോഴും മനഃപൂര്‍വ്വം മടിക്കുന്നവര്‍ സഭാപിതാക്കളും അവരാല്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട അവരുടെ അനുയായികളും മാത്രം.

തെറ്റു് ചെയ്തവന്‍ ആരായാലും അവന്‍ ശിക്ഷിക്കപ്പെടണം എന്നു് നിവര്‍ന്നുനിന്നു് പറയാന്‍ ദൈവത്തേയും, ആത്മാവിനേയും, കോടിക്കണക്കിനു് വിശ്വാസികളേയും പ്രതിനിധീകരിക്കുന്ന ഒരു സംവിധാനത്തിന്റെ പ്രതിനിധികള്‍ക്കു് എന്തുകൊണ്ടു് കഴിയുന്നില്ല എന്നു് ചിന്തിക്കുമ്പോള്‍ കാര്യങ്ങളിലെ ശരിയും തെറ്റും‍ നേരായ വെളിച്ചത്തില്‍ കാണാന്‍ വേറെ തെളിവുകളുടെയോ പരിഗണനകളുടെയോ ഒന്നും യാതൊരു ആവശ്യവുമില്ല.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP