Thursday, November 13, 2008

**ശവംതീനിപക്ഷികള്‍** (Natural Waste Disposal)

അനോണി ആന്റണിയുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണം എന്നൊരാശ! “ഒരാശയടക്കിയാല്‍ ഒരു പാപമോചനം” എന്നറിയാഞ്ഞിട്ടല്ല. മോചിക്കാന്‍ ഒന്നോ രണ്ടോ പാപമൊക്കെ ആയിരുന്നെങ്കില്‍ കടിച്ചുപിടിച്ചു് അടക്കാമായിരുന്നു. ഇതിപ്പോ അടക്കിയിട്ടും വലിയ കാര്യമില്ലാത്ത എണ്ണത്തിലേക്കു് പാപങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ആശകളാണെങ്കിലും കൂടുന്നതല്ലാതെ കുറയുന്നുമില്ല. മൂക്കോളം മുങ്ങിയാല്‍ പിന്നെ കയത്തിന്റെ ആഴം അളന്നിട്ടും വലിയ കാര്യമില്ലല്ലോ. അതുകൊണ്ടു് പോസ്റ്റാന്‍ തന്നെ തീരുമാനിച്ചു!

1) രാത്രിയില്‍ ചത്ത ഒരു ആടു്. (“ട്വെന്റി-20” സെക്കന്‍ഡ് ഷോ കണ്ടതാണു് മരണകാരണം എന്നു് ദുര്‍ന്നാവുകള്‍‍!) “ശവശകുനം” നല്ലതാണെന്നറിയാമെങ്കിലും, തോലു് കടിച്ചുമുറിക്കാന്‍ മാത്രം കരുത്തു് ചുണ്ടിനില്ലാത്തതിനാല്‍ ഒരു “ക്യാരക്കാറ” (caracara) ശവത്തിന്റെ കണ്ണു് കൊത്തിപ്പറിക്കാന്‍ നോക്കുന്നു. കണ്ണെങ്കില്‍ കണ്ണു്! തൊലി കൊത്തിപ്പറിക്കാന്‍ കരുത്തുള്ള “രക്ഷകന്‍” ഒന്നോ ഒന്നിലധികമോ കൊണ്ടോറുകളുടെ രൂപത്തില്‍ താമസിയാതെ എത്തുമെന്നൊരു പ്രതീക്ഷ ക്യാരക്കാറയ്ക്കില്ലാതുമില്ല.2) കാത്തിരുന്നപോലെ അതാ വരുന്നു ഒരു “കൊണ്ടോര്‍ മശിഹാ”! പറക്കാന്‍ കഴിവുള്ള ശവംതീനികളില്‍ ഏറ്റവും വലിയതാണു് കൊണ്ടോറുകള്‍ (condor)‍! ഒരു ആന്‍ഡിയന്‍ കൊണ്ടോറിനു് (Vultur gryphus) 320 സെന്റീമീറ്റര്‍ വരെ Wingspan ഉണ്ടാവാം! California condor-നു് (Gymnogyps californianus) 290 സെന്റീമീറ്റര്‍ വരെയും! സൂര്യന്‍ ഉദിക്കാനും, അതുവഴി വായു ചൂടായി മുകളിലേക്കു് ഉയരാനും കാത്തിരിക്കുകയായിരുന്നു അവ‍.3) കൊണ്ടോറുകള്‍ വളരെ ജാഗ്രതയുള്ള ജീവികളാണു്. (ഇതു് വായിക്കുമ്പോള്‍ ആരെങ്കിലും “KCBC ജാഗ്രത”യെപ്പറ്റി ഓര്‍ത്താല്‍ അതിന്റെ ഉത്തരവാദിത്വം എനിക്കല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. എത്ര ശ്രദ്ധിച്ചാലും മതിയാവാത്തതാണു് കാലം! വളരെ പെട്ടെന്നു് ഉടയാവുന്ന വിഗ്രഹങ്ങള്‍!) ശവത്തിന്റെ സമീപപ്രദേശങ്ങള്‍ സൂക്ഷ്മമായി‍ പരിശോധിച്ചിട്ടേ അവ ലാന്‍ഡ് ചെയ്യുകയുള്ളു. “Starting Torque” കുറവായതുകൊണ്ടു് പറന്നുയരാനുള്ള ഓട്ടത്തിനിടയില്‍ അവ എളുപ്പം ശത്രുജീവികള്‍ക്കിരയാവാം. ശവംതിന്നു് വയറുനിറഞ്ഞാല്‍ പറന്നുയരല്‍ കൂടുതല്‍ ബുദ്ധിമുട്ടാവും! അതുകൊണ്ടു് ശത്രുക്കള്‍ അപകടകരമായ അകലത്തില്‍ എവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടോ എന്നു് അവ ആകാശത്തില്‍ വച്ചുതന്നെ കൃത്യമായി നിരീക്ഷിക്കുന്നു. ഒരു കോണ്ടോര്‍ തീറ്റ ആരംഭിച്ചതു് കണ്ടാല്‍ മറ്റുള്ളവ ധൈര്യപൂര്‍വ്വം ലാന്‍ഡ് ചെയ്തു് സദ്യയില്‍ പങ്കുചേരും. കൊണ്ടോറുകള്‍ക്കു് ഒരുവിധം തോലുകളൊക്കെ കൊത്തിപ്പറിക്കാനാവും. മനുഷ്യരുടെ തൊലിക്കട്ടിയെ ഭേദിക്കാന്‍ ആവുമോ എന്ന കാര്യം ആരും ഇതുവരെ പരീക്ഷണവിധേയമാക്കിയിട്ടില്ല എന്നാണു് കേള്‍വി!4) കൊണ്ടോറുകള്‍ തിന്നു് തൃപ്തി ആയാല്‍ പിന്നെ ക്യാരക്കാറകളുടെ ഊഴമാണു്.
5) ശവത്തിന്റെ എല്ലും തൊലിയും മാത്രം ബാക്കിയാവാന്‍ പിന്നെ വലിയ താമസമില്ല! പ്രകൃതിയുടെ “Waste Disposal” ! ഭൂമിയില്‍ സൃഷ്ടിയും, സ്ഥിതിയും, സംഹാരവും മാത്രമല്ല, സംസ്കാരവും പ്രകൃതിയുടെ ചുമതലയിലാണു്!
പ്രകൃതി വളര്‍ത്തിയെടുത്ത, പ്രകൃതിയുടെ സ്വന്തമായ സന്തുലിതാവസ്ഥ തകരാറിലാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതു്‍ പ്രകൃതിയുടെ ആവശ്യം എന്നതിനേക്കാള്‍ നമ്മുടെ നിലനില്പിന്റെ പ്രശ്നമാണു്. ഇരിക്കുന്ന കൊമ്പു് മുറിക്കരുതല്ലോ!

13 comments:

പാമരന്‍ November 13, 2008 at 4:51 PM  

ഉഗ്രന്‍ പടങ്ങള്‌. ബ്രെയിക്‌ഫാസ്റ്റിനൊപ്പം ചൂടോടെ കിട്ടിയതുകൊണ്ട്‌ നന്നായി ആസ്വദിച്ചു :)

അനില്‍@ബ്ലോഗ് November 13, 2008 at 5:48 PM  

നന്നായിരിക്കുന്നു .
അനോണി ആന്റണിയുടെ പോസ്റ്റും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വളരെ വിജ്ഞാനപ്രദം.

സി. കെ. ബാബു November 13, 2008 at 6:03 PM  

പാമരന്‍,
ഇന്നിനി ശകുനം പിഴച്ചു എന്ന പ്രശ്നമില്ലല്ലോ! മദ്യം, പച്ചയിറച്ചി, ശവം, മണ്ണു്, കദളിപ്പഴം, വേശ്യ, തൈരു്, കങ്കാരു, ഒട്ടകം, പച്ചക്കുതിര, വെള്ളക്കരടി, മഞ്ഞച്ചേര, നീലക്കുയില്‍, പൊന്മാന്‍, ചെമ്പോത്തു്, പഴുതാര, കട്ടുറുമ്പു്, കരിങ്കുരങ്ങുരസായനം, ച്യവനപ്രാശം ലേഹ്യം, മയിലെണ്ണ, ................. മുതലായവയെല്ലാം ശുഭശകുനങ്ങളാണു്.

പിന്നീടു് കൂട്ടിച്ചേര്‍ക്കപ്പെട്ട ചില ശുഭശകുനങ്ങള്‍: കമ്പ്യൂട്ടര്‍, മോണിറ്റര്‍, ജീന്‍സ്, ട്യൂബ് ലൈറ്റ്, TV, DVD player, mobile phone, microwave oven, ചപ്പാത്തി, പൊറോട്ട, ഗൂഗിള്‍, ബ്ലോഗ്,.......................

അനില്‍@ബ്ലോഗ്,
നന്ദി.

ഭൂമിപുത്രി November 13, 2008 at 6:43 PM  

പാഴ്സികളുടെ ശവശരീരങ്ങൾ സംസ്ക്കരിയ്ക്കാതെ, കഴുകനും മറ്റും ഭക്ഷിയ്ക്കാനായി കൊണ്ടുപോയി വെയ്ക്കുന്ന ‘TOWER OF SILENCE’നെപറ്റി കേട്ടിട്ടില്ല്ലേ?
വൾച്ചറുകളുടെ വംശനാശം ഈ പരിപാടിയെ പ്രതികൂലമായി ബാധിയ്ക്കുന്നുവെന്ന് വായിച്ചതോർക്കുന്നു.

Physel November 13, 2008 at 6:55 PM  

A real follow up for Antony's Post! Thanks

ഭൂമിപുത്രി November 13, 2008 at 7:05 PM  

സോറി! കമന്റെഴുതിക്കഴിഞ്ഞാൺ അനോണിയുടെ പോസ്റ്റ് വായിച്ചത്.അവിടെപ്പറഞ്ഞുകഴിഞ്ഞതാൺ ഞാനിവിടെ എഴുതിപ്പോയത്.

കാന്താരിക്കുട്ടി November 14, 2008 at 3:32 AM  

പടങ്ങള്‍ ഒക്കെ കൊള്ളാം .വിവരണവും നന്നായി.പക്ഷേ രാവിലെ തന്നെ ഈ കണി കാണേണ്ടി വന്നതില്‍ ഒരു മന പ്രയാസം..സാരം ല്ലാ .അല്ലേ !!

തോന്ന്യാസി November 14, 2008 at 6:41 AM  

രണ്ടു പോസ്റ്റും കൂട്ടിച്ചേര്‍ത്ത് വായിച്ചു..... നന്നായിരിയ്ക്കുന്നു മാഷേ......

വിദുരര്‍ November 14, 2008 at 8:16 AM  

ആന്റണിയെ പൂര്‍ത്തീകരിച്ചതു നന്നായി. മനുഷ്യന്‍മാര്‍ കഴുകന്‍മാരാവുന്ന, കണ്ടാമൃഗമാവുന്ന ഇക്കാലത്തും കലാപകാലത്തേക്കും കഴുകന്‍ കണ്ണുകളെ കരുതിയരിക്കാം.

അനോണി ആന്റണി November 14, 2008 at 8:54 AM  

ബാബുമാഷേ,
ലിങ്ക് കണ്ട് കയറി വന്നതാ. അസ്സല്‍ പടംസ്, ഇതെവിടെയാ സ്ഥലം? ആന്‍ഡിയന്‍ കോണ്ഡോറിനെയും ഇക്വഡോറ് പെറു തുടങ്ങി കുറച്ചു സ്ഥലങ്ങളിലേ ഈയിടെ കാണാന്‍
കിട്ടൂ എന്ന് നാറ്റ് ജ്യോക്കാരന്‍ ഇന്നാളില്‍ പറഞ്ഞുകേട്ടു.

പടങ്ങളെക്കാള്‍ വിവരണമാണ്‌ ഇഷ്ടപ്പെട്ടത്. ഉഷ്ണവാതങ്ങള്‍ തുടങ്ങും വരെ കോണ്‍‌ഡോര്‍ കാത്തിരിക്കുന്നതും പിന്നെ ലോഡുമായി പോകുമ്പോള്‍ ടാക്സി കൂടുതലായതിനാല്‍ അടുത്തെങ്ങാന്‍ അപകടമുണ്ടോന്നു നോക്കിയ ശേഷം ലാന്‍ഡുന്നതുമൊക്കെ.

പുതിയ ശുഭ ശകുനങ്ങളുടെ കാര്യം പറഞ്ഞപ്പോ വീക്കേയെന്‍ കഥയാണ്‌ ഓര്‍ത്തത്.
"മൂന്നില്‍ ചൊവ്വ, നാലില്‍ ചന്ദ്രന്‍, അഞ്ചില്‍ ഇന്‍സ്റ്റാര്‍ 1-D " കാലത്തിനൊത്ത് പരിഷ്കാരിയായ ഒരു ജ്യോതിഷി ഗ്രഹനില നോക്കിപ്പറഞ്ഞത്.

സി. കെ. ബാബു November 14, 2008 at 10:42 AM  

ഭൂമിപുത്രി,
അബദ്ധം പറ്റിയതല്ലേ? സാരമില്ല. ഈ ഒരുവട്ടം ഒന്നു് ക്ഷമിക്കാന്‍ ഞാന്‍ ക്ലാസ് ടീച്ചറോടു് പറഞ്ഞോളാം! :)

physel,
welcome!

കാന്താരിക്കുട്ടി,
രാവിലെ ഒരു ശുഭശകുനം (ശവം) കാണിച്ചു്‌ ഒന്നു് സന്തോഷിപ്പിക്കാം എന്നു് വിചാരിച്ചതു് അപ്പോള്‍ വെറുതെ! പാട്ടു്, വീണ, വേണു ഇവയൊക്കെയും ശുഭശകുനമാണെന്നു് കേട്ടിട്ടുണ്ടു്. അതുകൊണ്ടു് “പാട്ടിന്റെ പാലാഴി”ക്കാരിക്കു് ദോഷമൊന്നും സംഭവിക്കാന്‍ ഇടയില്ല. പോരാത്തതിനു്‌ കാന്താരിമുളകല്ലേ കയ്യിലിരുപ്പു്? :)

തോന്ന്യാസി,
നന്ദി.

വിദൂരര്‍,
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍ തന്നെയല്ലേ? തീര്‍ച്ചയായും നമ്മുടെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കണം, പുറത്തേയും അകത്തേയും!

അനോണി ആന്റണി,
ചിലിയാണു് സ്ഥലം. ചിത്രങ്ങള്‍ വീഡിയോ എഡിറ്റ് ചെയ്തതാണു്.

ജ്യോതിഷികളല്ലേ വര്‍ഗ്ഗം? അടുത്തു് കിട്ടിയാല്‍ അവര്‍ വിക്കെയെന്നെത്തന്നെ വിറ്റു് അച്ചാറുതൊട്ടുകൂട്ടി കള്ളുകുടിക്കും! ഗൃഹത്തില്‍നിന്നും ഗ്രഹനിലയിലേക്കു് അധികം ദൂരമില്ലല്ലോ! “കൊട്ടക്കമ്മതി” ആയി പറഞ്ഞാല്‍ ഹസ്തരേഖകളില്‍ നിന്നും മഷിക്കുപ്പിയിലേക്കുള്ള അതേ ദൂരം!

സൂരജ് November 14, 2008 at 8:38 PM  

പ്രകൃതീടെ മഹാത്ഭുതം ! അത് പൊളിച്ചടുക്കണ മനുഷ്യന്‍ വേറൊരു മഹാത്ഭുതം ! ഭൂമി മുഴോനും കൂടി ഒറ്റ എക്കോസിസ്റ്റമായി ഓര്‍ക്കാന്‍ നമുക്ക് കഴിയട്ടെ.

സി. കെ. ബാബു November 15, 2008 at 10:03 AM  

ശരിയാണു്! പ്രകൃതി എന്ന അത്ഭുതത്തെ മനസ്സിലാക്കാന്‍ മനുഷ്യന്‍ എന്ന മഹാത്ഭുതത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ല. പ്രപഞ്ചത്തില്‍ എല്ലാം എല്ലാമായി ബന്ധപ്പെട്ടു് കിടക്കുന്നു. അവയുടെ താളാത്മകത ഒരിക്കലും ‍നശിപ്പിക്കപ്പെടരുതു്, നമുക്കുവേണ്ടിത്തന്നെ!

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP